rohit-sharma

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റെങ്കിലും ബാറ്റിങില്‍ 35 റണ്‍സോടെ രോഹിത് ശര്‍മ ടീമിന് മികച്ച പിന്തുണ നല്‍കിയിരുന്നു. മത്സരത്തിനിടെ ഡല്‍ഹി ടീമിനെ രോഹിത് ശര്‍മ കബളിപ്പിച്ച സംഭവവും ഉണ്ടായി. രോഹിതിന്‍റെ അഭിനയത്തിന് മുന്നില്‍ കുല്‍ദീപ് യാദവും കെ.എല്‍ രാഹുലും വീണതോടെ ഡല്‍ഹി ടീം റിവ്യുവിന് പോവുകയായിരുന്നു. തന്‍റെ കബളിപ്പിക്കല്‍ ഏറ്റതോടെ രോഹിത് ശര്‍മ ചിരിക്കാനും തുടങ്ങി. 

കുല്‍ദീപ് യാദവ് എറിഞ്ഞ ഒന്‍പതാം ഓവറിലാണ് സംഭവം. രോഹിത് ശര്‍മ സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് കൃത്യമായി കണക്ടായില്ല. പന്ത് പിടിച്ചെടുത്ത കെ.എല്‍ രാഹുല്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്തു. അപ്പീലിന് പിന്നാലെ രോഹിത് പിച്ചിൽ നിന്നും തിരികെ നടക്കാൻ തുടങ്ങുകയും എന്നാൽ പെട്ടെന്നുതന്നെ ക്രീസിലേക്ക് മടങ്ങുകയും ചെയ്തു. ഇതോടെ ഔട്ട് ആണോ എന്ന സംശയത്തിലായി ഡല്‍ഹി ടീം റിവ്യു ഉപയോഗിക്കുകയായിരുന്നു.

റിവ്യൂ എടുത്തയുടൻ ക്യാമറ രോഹിതിന് നേര്‍ക്കായിരുന്നു. ഈ സമയവും രോഹിത് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തേഡ് അംപയറിന്‍റെ റിവ്യുവില്‍ പന്ത് രോഹിതിന്‍റെ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായി. ഇവിടെ രക്ഷപ്പെട്ട രോഹിത് തൊട്ടടുത്ത ഓവറില്‍ വീണു. അക്സര്‍ പട്ടേല്‍ എറിഞ്ഞ പന്തില്‍ നിതിഷ് റാണയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് ശര്‍മ പുറത്തായത്. 26 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് രോഹിതിന്‍റെ ഇന്നിങ്സ്. 

രോഹിത് തന്ത്ര പൂര്‍വമാണ് കളിച്ചതെന്നാണ് കമന്‍ററിയില്‍ രവി ശാസ്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രോഹിത് ശർമ്മയുടെ ഉജ്ജ്വലമായൊരു നീക്കമാണതെന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം, മത്സരം മുംബൈ ഇന്ത്യന്‍സ് തോറ്റു. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു. റയന്‍ റിക്കല്‍ട്ടന്‍, തിലക് വര്‍മ എന്നിവര്‍ പവര്‍ പ്ലേയില്‍ നിറം മങ്ങി. മുകേഷ് ശര്‍മയാണ് ഇരുവരെയും പുറത്താക്കിയത്. 

ENGLISH SUMMARY:

Rohit Sharma's clever appeal trick against Delhi Capitals despite Mumbai Indians' loss, showcased his tactical brilliance on the field. He successfully deceived Kuldeep Yadav and KL Rahul, leading to a review which ultimately proved his innocence.