Image credit: x

ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് തോറ്റതിന് നിമിഷങ്ങള്‍ക്കകം ലക്നൗ ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ വിളിച്ച് ശാസിച്ച ഫ്രാ‍ഞ്ചൈസി ഉടമ സ‍ഞ്ജിവ് ഗോയങ്കയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ഐപിഎല്‍ ചരിത്രത്തില്‍ ഇത്ര വൃത്തികെട്ട ടീം ഉടമ ഉണ്ടായിട്ടില്ലെന്നും കളിക്കാര്‍ കുറച്ച് കൂടി ബഹുമാനം അര്‍ഹിക്കുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു. ഇപ്പോഴിതാ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയും സഞ്ജിവ് ഗോയങ്കയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ്. മൈക്കല്‍ വോണിന്‍റെ ട്വീറ്റ് പങ്കുവച്ചാണ് ഗോയങ്കയെ വിലക്കുകയാണ് വേണ്ടതെന്ന് രൂക്ഷമായ ഭാഷയില്‍ ലളിത് മോഡി ആവശ്യപ്പെടുന്നത്.

'ലക്നൗ ടീമിന്‍റെ ഉടമയില്ലേ, ഈ സഞ്ജിവ് ഗോയങ്ക, അയാളൊരു പരമ തോല്‍വിയാണ്. ആ പെരുമാറ്റം കണ്ടിട്ട് തന്നെ ശരിക്കും ദേഷ്യം വരുന്നുണ്ട്. താരങ്ങള്‍ക്കും ആരാധകര്‍ക്കുമായാണ് ഐപിഎല്‍ ഞാന്‍ ഉണ്ടാക്കിയത്, അല്ലാതെ ഇങ്ങനെ വര്‍ഷാവര്‍ഷം അവരെ പൊതുവിടത്തില്‍ അപമാനിക്കാന്‍ അല്ല. ഇപ്പോഴും ഞാനായിരുന്നു കമ്മിഷണറെങ്കില്‍ സംഭവത്തിന് പിന്നാലെ ഗോയങ്കയെ ബാന്‍ ചെയ്തേനെ.മാത്രവുമല്ല, ടീമിന്‍റെ ഉടമസ്ഥാവകാശത്തില്‍ നിന്നും അയാളെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചേനെ. ഇങ്ങനെയൊരു കോമാളിയെ ഞാന്‍ കണ്ടിട്ടില്ല. ഇത്തരം പെരുമാറ്റങ്ങള്‍ തടയാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള കരാറില്‍ പ്രത്യേക വകുപ്പ് തന്നെയുണ്ട്. അത് പ്രകാരം കളിക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ബിസിസിഐ തയാറാവണം. ഇങ്ങനെ വല്യകേമനാകാന്‍ അനുവദിക്കരുത്'- ലളിത് മോഡി കുറിച്ചു. 'ഈ പ്രകടനത്തിന്‍റെ ആവശ്യമില്ലായിരുന്നു' എന്നാണ് മൈക്കല്‍ വോണിന്‍റെ ട്വീറ്റ്. 

അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് വിശദീകരണ വിഡിയോയുമായി രംഗത്തെത്തി. 'നിങ്ങള്‍ കാണുന്നതെല്ലാം യഥാര്‍ഥമാവണമെന്നില്ല. എഡിറ്റഡല്ലാത്ത പോസ്റ്റ് മാച്ച് ദൃശ്യങ്ങള്‍ ഇതാ' എന്ന പേരില്‍ പുതിയ വിഡിയോ ടീം പുറത്തുവിട്ടു. ഇതില്‍ ഗ്രൗണ്ടില്‍ നിന്ന് പന്ത് നടന്ന് വരുന്നതും ഗോയങ്ക ചേര്‍ത്ത് പിടിച്ച് ആശ്ലേഷിക്കുന്നതുമാണുള്ളത്. എന്നാല്‍ ഇത് പിന്നീട് ചിത്രീകരിച്ചതാണെന്നും രണ്ടാമത്തെ വിഡിയോയില്‍ സ്റ്റേഡിയത്തില്‍ കാണികളാരും ഇല്ലെന്നും വിഡിയോ ചിത്രീകരിച്ച് നാണക്കേട് മാറ്റാന്‍ പന്തിനെ വീണ്ടും വിളിച്ച് വരുത്തിയതാണെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. 

ആദ്യ വിഡിയോയില്‍ ക്ഷുഭിതനായ ഗോയങ്കയോട് പന്ത് കാര്യങ്ങള്‍ വിവരിക്കുന്നതായിരുന്നു ഉള്ളടക്കം. പന്തിന്‍റെ മുഖഭാവവും വ്യത്യസ്തമായിരുന്നു. മാത്രവുമല്ല, ഇവര്‍ നില്‍ക്കുന്നതിന്‍റെ പിന്നിലായുള്ള പരസ്യവും മറ്റൊന്നായിരുന്നു.  അതേസമയം, തന്‍റെ ടീമിന്‍റെ കരുത്തിലും ക്യാപ്റ്റന്‍റെ കഴിവിലും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും തോല്‍വി വലിയ വിജയത്തിലേക്കുള്ള തുടക്കമാണെന്നുമായിരുന്നു ഗോയങ്ക എക്സില്‍ കുറിച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ഗോയങ്ക, ടീം കൂടുതല്‍ കരുത്തരായി തിരിച്ചുവരുമെന്നും കഥ തുടങ്ങുന്നതേയുള്ളൂവെന്നും ഗോയങ്ക കുറിച്ചു. 2024 ലെ ഐപിഎല്‍ സീസണില്‍ അന്നത്തെ ലക്നൗ ക്യാപ്റ്റനായിരുന്ന കെ.എല്‍.രാഹുലിനോടും ഗോയങ്ക ക്ഷുഭിതനായിരുന്നു. 

ENGLISH SUMMARY:

Former IPL Chairman Lalit Modi has lashed out at Lucknow Super Giants owner Sanjiv Goenka for publicly reprimanding captain Rishabh Pant following a loss to Delhi Capitals. Modi termed Goenka a "clown" and demanded that the BCCI invoke clauses to protect players' dignity and ban such owners. While LSG released a clarification video showing a warm embrace between the two, fans allege it was a staged attempt to damage control. The incident recalls a similar outburst by Goenka against former captain KL Rahul in 2024.