Kolkata: Sunrisers Hyderabad's Abhishek Sharma before the Indian Premier League (IPL) 2026 cricket match between Kolkata Knight Riders and Sunrisers Hyderabad, at Eden Gardens in Kolkata, West Bengal, Thursday, April 2, 2026. (PTI Photo/Manvender Vashist Lav)(PTI04_02_2026_000280B)

ട്വന്‍റി 20യില്‍ ലോക ഒന്നാം നമ്പറൊക്കെ തന്നെ, പക്ഷേ കളിക്കളത്തില്‍ കുറച്ച് കൂടി മര്യാദക്കാരനാകണമെന്ന് സണ്‍റൈസേഴ്സ് താരം അഭിഷേക് ശര്‍മയ്ക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്. കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തിനിടെ ഗ്രൗണ്ടില്‍ അശ്ലീല പ്രയോഗം നടത്തിയതിന് താരത്തിനെതിരെ കടുത്ത നടപടിയാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. ഡീമെറിറ്റ് പോയിന്‍റിന് പുറമെ ആകെ മാച്ച് ഫീയുടെ 25 ശതമാനവും താരം പിഴ ഇനത്തില്‍ നല്‍കേണ്ടി വരും. നാല് സിക്സും നാല് ഫോറുമടക്കം 21 പന്തില്‍ നിന്ന് 48 റണ്‍സ് താരം നേടിയിരുന്നു.

അതേസമയം, കളിക്കിടയില്‍ എപ്പോഴാണ് അഭിഷേകിന്‍റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതെന്നതില്‍ ഐപിഎല്‍ അധികൃതര്‍ കൃത്യത വരുത്തിയിട്ടില്ല. ' സണ്‍റൈസേഴ്സിന്‍റെ ഓള്‍റൗണ്ടറായ അഭിഷേക് ശര്‍മയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും ചുമത്തുന്നു. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനെതിരെ നടന്ന കളിക്കിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം താരം ലംഘിച്ചതിനാണ് നടപടി. 2.3–ാം വകുപ്പില്‍ പറയുന്നത് പ്രകാരമുള്ള ലെവല്‍ ഒന്ന് ഗണത്തില്‍പ്പെടുന്ന കുറ്റം അഭിഷേകിന്‍റെ ഭാഗത്ത് നിന്നുമുണ്ടായി. ലെവല്‍ ഒന്നില്‍പ്പെടുത്ത തരം ചട്ടലംഘനങ്ങളില്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും'- എന്നാണ് ഐപിഎല്‍ അധികൃതരുടെ ഔദ്യോഗിക കുറിപ്പ്. 

ലെവല്‍ ഒന്നില്‍പ്പെടുന്ന ചട്ടലംഘനം ആവര്‍ത്തിക്കുന്ന പക്ഷം ഐപിഎലില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പടെ കൂടുതല്‍ കടുത്ത നടപടികള്‍ വന്നേക്കും. ആകെ കളിക്കുന്ന മല്‍സരങ്ങളുടെ 25 ശതമാനം തുകയും നിലവില്‍ താരത്തിന് നഷ്ടമാകും. കളിക്കിടെ കേള്‍ക്കാന്‍ പാകത്തിലുള്ള അസഭ്യപ്രയോഗങ്ങള്‍ നടത്തുന്നത് വിലക്കുന്നതാണ് ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.3 –ാം ചട്ടം.

ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് സണ്‍റൈസേഴ്സ് അടിച്ചുകൂട്ടിയത്. ഹെന്‍​റിച്ച് ക്ലാസന്‍റെ അര്‍ധസെഞ്ചറി, ട്രാവിസ് ഹെഡിന്‍റെ (46)യും അഭിഷേകി(48)യും നിതീഷ് റെഡ്ഡി (39)യുടെയും ബാറ്റിങ് കരുത്തിലാകും സണ്‍റൈസേഴ്സിന്‍റെ കുതിപ്പ്. മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത 16 ഓവറില്‍ 161 റണ്‍സിലൊതുങ്ങി. 29 പന്തില്‍ 52 റണ്‍സെടുത്ത അങ്ക്രിഷ് രഘുവംശിയാണ് കെകെആറിന്‍റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തയ്ക്കായി ബ്ലസിങ് മുസര്‍ബാനി (4/41), വൈഭവ് അറോറ (2/47), കാര്‍ത്തിക് ത്യാഗി (1/48), അങ്കുല്‍ റോയ് (1/16) എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തി. ജയ്ദേവ് ഉനദ്കട്ട് മൂന്നും നിതീഷ് കുമാര്‍ റെഡ്ഡി, എഹ്സാന്‍ മലിംഗ എന്നിവര്‍ രണ്ട് വീതവും സണ്‍റൈസേഴ്സിനായി വിക്കറ്റുകള്‍ നേടി.

ENGLISH SUMMARY:

Sunrisers Hyderabad all-rounder Abhishek Sharma has been fined 25% of his match fee and handed one demerit point for breaching the IPL Code of Conduct during a match against Kolkata Knight Riders. The BCCI took action under Article 2.3 for using audible obscenities on the field. Despite his brilliant 48-run knock, the Level 1 offense led to immediate penalties by the match referee. SRH secured a dominant victory in the match, scoring 226 runs, but Abhishek’s disciplinary lapse became a major talking point.