Untitled design - 1

ഐപിഎല്‍ 2026 ടൂര്‍ണമെന്റില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റ് എൻജിനീയറെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 76-കാരനായ ജാൻ വില്ല്യം ലാങ്‌ഫോർഡാണ് മരിച്ചത്. മുംബൈയിലെ ഹോട്ടൽ റൂമിൽ ലാങ്‌ഫോർഡിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 

ഐപിഎൽ സംപ്രേക്ഷണ ജോലികളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഇദ്ദേഹം, മാർച്ച് 24 മുതൽ ഈ ഹോട്ടലിൽ താമസിച്ചു വരുകയായിരുന്നു. ഞായറാഴ്ച മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് അദ്ദേഹം മുറിയിലേക്ക് മടങ്ങിയത്. എന്നാൽ തൊട്ടടുത്ത ദിവസം റിസപ്ഷനിൽ നിന്ന് വിളിച്ചിട്ട് പ്രതികരണമൊന്നും ഉണ്ടായില്ല. ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി വാതിലിൽ മുട്ടിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഒടുവിൽ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോൾ ലാംഗ്ഫോർഡ് തറയിൽ വീണുകിടക്കുന്ന നിലയിലായിരുന്നു.

 

ഉടൻ മുംബൈയിലെ ബോംബെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

An IPL broadcast engineer was found dead in his hotel room in Mumbai. The 76-year-old British national was working for IPL 2026 and had been staying at the hotel since March 24. Police are investigating the unexplained death.