Thiruvananthapuram: Indian cricketer Sanju Samson during a press conference, in Thiruvananthapuram, Monday, March 16, 2026. (PTI Photo)(PTI03_16_2026_000365B)
ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള കാരണം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍. ഈ സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സിനായാണ് കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള സഞ്ജുവിന്‍റെ തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. മോശം സീസണ് പിന്നാലെയാണ് ഫ്രാഞ്ചൈസി വിടാന്‍ താരം തന്നെ മുന്‍കൈയെടുത്തത്. കഴിഞ്ഞ സീസണ്‍ പകുതിയായപ്പോള്‍ തന്നെ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നതടക്കം വാര്‍ത്തകളും പുറത്തുവന്നിരുന്നു.
2018 മുതല്‍ 2025വരെയുള്ള കാലം സഞ്ജു രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. ടീമുമൊത്തുള്ള തന്‍റെ സമയം പൂര്‍ത്തിയായെന്ന് തോന്നിയതിനെ തുടര്‍ന്നാണ് തീരുമാനം കൈക്കൊണ്ടതെന്ന് സഞ്ജു പറയുന്നു. ഈ സീസണില്‍ രാജസ്ഥാനെതിരെ കളിക്കുമ്പോഴും തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സഞ്ജു വ്യക്തമാക്കി. 'ആദ്യമായാണ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കാന്‍ പോകുന്നത്. ഗ്രൗണ്ടിലിറങ്ങിയാല്‍ ഞാന്‍ വൈകാരികമായി ചിന്തിക്കാറില്ല. പക്ഷേ കളിക്ക് മുന്‍പും ശേഷവും പഴയ സഹതാരങ്ങളെ കാണുമ്പോള്‍ അതും ഞാന്‍ ചെറിയ പ്രായത്തില്‍ ഒപ്പം കളിച്ചവരും മാനേജ്മെന്‍റും ഒക്കെയുണ്ടാകും. അവരോടെല്ലാം സ്നേഹബഹുമാനങ്ങളുണ്ട്. എല്ലാവര്‍ക്കും എല്ലായിടത്തും ഓരോ സമയം ഉണ്ട്. രാജസ്ഥാന്‍ റോയല്‍സിലെ എന്‍റെ സമയം കഴിഞ്ഞുവെന്ന് വിശ്വസിച്ചാണ് ഞാന്‍ മുന്നോട്ട് ചുവടുകള്‍ വച്ചത്. മുന്നോട്ട് പോകുമ്പോള്‍ കുറച്ച് ആകാംക്ഷയുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിയും സന്തോഷത്തോടെ കളിക്കും'- സഞ്ജു വിശദീകരിച്ചു.
11 ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാന് വേണ്ടി കളിച്ച സഞ്ജു, ടീമിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരവുമാണ്. 2013 മുതല്‍ 2015 വരെയും സഞ്ജു രാജസ്ഥാന് വേണ്ടി കളിച്ചിരുന്നു. പിന്നീട് രണ്ട് സീസണില്‍ ഡല്‍ഹിക്ക് വേണ്ടിയും കളിച്ചു. സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈയിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും സാം കറനുമാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് പകരം എത്തിയത്.
ട്വന്‍റി20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ പിന്‍ബലത്തോടെയാണ് സഞ്ജു ഇത്തവണ ഐപിഎലിനിറങ്ങുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം കളിച്ച സഞ്ജു, സൂപ്പര്‍ എട്ടിലെ രണ്ടാം മല്‍സരം മുതലാണ് ടീമില്‍ ഇടംപിടിക്കുന്നത്. ഒടുവില്‍ മാന്‍ ഓഫ് ദ് ടൂര്‍ണമെന്‍റായാണ് താരം മടങ്ങിയത്.