വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഐപിഎല്‍ താരം തന്നെ ശാരീരികമായി ആക്രമിച്ചെന്നും മൊബൈല്‍ നമ്പറടക്കം ബ്ലോക്ക് ചെയ്തെന്നും വനിതാ ക്രിക്കറ്ററുടെ പരാതി. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം വിപ്രജ് നിഗത്തിനെതിരെയാണ് പരാതി. എന്നാല്‍ യുവതി തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നുവെന്ന് വിപ്രജും പരാതി നല്‍കി. ഇരുവരുടെയും പരാതികളില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. 

ഓണ്‍ലൈനിലാണ് വിപ്രജിനെ പരിചയപ്പെട്ടതെന്നും പരിചയം സൗഹൃദവും പ്രണയവുമായെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതായും വനിതാ താരം പറയുന്നു. തുടര്‍ന്ന് നോയിഡയിലെ ഹോട്ടലിലേക്ക് വിപ്രജ് വിളിച്ചതനുസരിച്ച് ഒരു ദിവസം വൈകുന്നേരം ആറുമണിയോടെ താന്‍ ചെന്നു. അവിടെ വച്ച് വിപ്രജ് ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വിവാഹക്കാര്യം സംസാരിച്ചതോടെ സ്വരം മാറിയെന്നും അതൊന്നും നടക്കില്ലെന്നും പറഞ്ഞു. വാഗ്വാദമായതോടെ ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെ വലിച്ച് പുറത്തിടുകയായിരുന്നുവെന്നും വനിതാ താരം പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെയടക്കം വിവരങ്ങളും യുവതി പൊലീസിന് കൈമാറി.

എന്നാല്‍ യുവതി തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്നും വിവാഹം കഴിച്ചില്ലെങ്കില്‍ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് വിപ്രജിന്‍റെ പരാതിയില്‍ പറയുന്നത്. സഹിക്കാന്‍ വയ്യാതെ ആയതോടെ യുവതിയുടെ നമ്പര്‍ താന്‍ ബ്ലോക്ക് ചെയ്തെന്നും തുടര്‍ന്ന് പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വിളിച്ച് ഭീഷണി തുടരുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വ്യാജ വിഡിയോ പുറത്തുവിടുമെന്ന യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് തന്‍റെ കരിയറും മാനസികാരോഗ്യവും തകരാറിലായ സ്ഥിതിയിലാണെന്നും വിപ്രജ് പറയുന്നു. കേസുകളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുത്ത വിപ്രജ് നിലവില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നടന്ന അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനായും കളിച്ചിരുന്നു. മുന്‍ ആര്‍സിബി താരമായ യഷ് ദയാലിനെതിരെയും നേരത്തെ ബലാല്‍സംഗ ആരോപണം ഉയര്‍ന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ താരത്തിനെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.