രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു സാംസണ്‍ താല്‍പര്യം അറിയിച്ചതോടെ നിരവധി ടീമുകളാണ് സഞ്ജുവിന് പിന്നാലെ കൂടിയത്. ചര്‍ച്ചകള്‍ക്കൊടുവില്‍ സഞ്ജു അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുമെന്നാണ് വിവരം. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറുന്ന രീതിയിലാകും ഇടപാട്. മൂന്നു താരങ്ങളുമായും ഇരു ഫ്രാഞ്ചൈസികളും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
Also Read: സഞ്ജുവിന് 'പെരിയ വിസിൽ'; മലയാളി താരത്തിന് പുതിയ ഇടം ചെന്നൈ സൂപ്പർ കിങ്സ്; പകരം രണ്ട് സൂപ്പർ താരങ്ങൾ
നേരത്തെ സഞ്ജുവിന് പിന്നിലുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് ഡീലിലേക്ക് വരാന്‍ സഹായകമായത് ഡല്‍ഹി ക്യാപ്പിറ്റലുമായുള്ള രാജസ്ഥാന്‍റെ ചര്‍ച്ചകള്‍ പൊളിഞ്ഞതോടെയാണ്. തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രവീന്ദ്ര ജഡേജയ്ക്ക് പകരം സഞ്ജുവിനെ നല്‍കാമെന്നൊരു ഡീല്‍ ചെന്നൈ ഫ്രാഞ്ചൈസിക്ക് മുന്നില്‍ വച്ചിരുന്നു. ജഡേജയെ കൈമാറിയുള്ള ഡീലിന് ചെന്നൈ തുടക്കത്തില്‍ താല്‍പര്യം കാണിക്കാതിരുന്നതോടെ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹിയുമായി ചര്‍ച്ചകളിലേക്ക് കടന്നു.
സഞ്ജുവും ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സും ഉൾപ്പെടുന്ന ഒരു സ്വാപ്പ് ഡീലിന് രണ്ട് ഫ്രാഞ്ചൈസികളും ഏതാണ്ട് അന്തിമരൂപം നൽകിയതാണെങ്കിലും അധികമായി ഒരു കളിക്കാരനെ കൂടി വേണമെന്ന രാജസ്ഥാന്റെ ആവശ്യമാണ് കരാറിലേക്ക് എത്താതിരിക്കാന്‍ കാരണം. സ്റ്റബ്സിനൊപ്പം സമീര്‍ റിസ്‍വിയെ കൂടിയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യുവതാരത്തെ നല്‍കിയുള്ള ഡീലിന് ഡല്‍ഹി തയ്യാറായില്ല.
ഡല്‍ഹിയുമായുള്ള കരാര്‍ പാളിയതോടെ രാജസ്ഥാന്‍ വീണ്ടും ചെന്നൈയുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇരു ടീമുകളും കരാറിനോട് അടുത്തു എന്നാണ് ESPNCricinfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ജഡേജയ്ക്കും സാം കറനും പകരമായാണ് രാജസ്ഥാന്‍ സഞ്ജുവിനെ കൈമാറുന്നത്. താരങ്ങള്‍ സമ്മതപത്രം എഴുതി നല്‍കിയാല്‍ ഫ്രാഞ്ചൈസികള്‍ക്ക് അന്തിമ ചര്‍ച്ചകളിലേക്ക് കടക്കും. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്‍റെ അനുമതിക്ക് ശേഷം മാത്രമെ ഇടപാട് പൂര്‍ത്തിയാക്കുകയുള്ളൂ.