സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ മിന്നുന്ന പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ തന്നെയാണ് സെമിയില്‍ ഇന്ത്യന്‍ പ്രതീക്ഷകളില്‍ മുന്നില്‍. പക്ഷെ വെസ്റ്റിന്‍ഡീസിനെതിരെ പോലെ എളുപ്പമായിരിക്കുമോ സഞ്ജുവിന് ഇംഗ്ലണ്ട്. അല്ലെന്ന് പറയാന്‍ കാരണങ്ങള്‍ നിരവധിയാണ്. 

വിന്‍ഡീസിനെതിരെ ജേസൺ ഹോൾഡറോ ഷമർ ജോസഫോ സഞ്ജുവിനെ പന്ത് കൊണ്ട് അലോസരപ്പെടുത്തിയില്ല. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ജോഫ്ര ആര്‍ച്ചറുമായി സഞ്ജുവിന് അത്ര നല്ല റെക്കോര്‍ഡല്ലെന്നതാണ് ആശങ്കയ്ക്ക് പിന്നില്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ആര്‍ച്ചറാണ് സഞ്ജുവിനെ മൂന്നു തവണ പുറത്താക്കിയത്. സാഖിബ് മഹമ്മൂദും മാർക്ക് വുഡുമാണ് ബാക്കിയുള്ള രണ്ട് വിക്കറ്റുകള്‍ നേടിയത്. അഞ്ച് ഇന്നിങ്സില്‍ നിന്നാണ് 51 ആണ് സഞ്ജു നേടിയത്. 10.20 ആണ് ശരാശരിയില്‍ 118.60 ആണ് സ്ട്രൈക്ക് റേറ്റ്. 

ഷോർട്ട് പിച്ച് പന്തുകളിലൂടെയാണ് ഇംഗ്ലണ്ട് താരങ്ങള്‍ സഞ്ജുവിനെ പുറത്താക്കിയത്. സെമിഫൈനലില്‍ ജോഫ്ര ആർച്ചർ സഞ്ജുവിന്റെ  ദൗർബല്യത്തെ ലക്ഷ്യം വെക്കാൻ തന്നെയാകും ശ്രമിക്കുക. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ജുവിന്റെ ക്രീസിലെ താളവും ചലനങ്ങളും മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുന്‍ ഇംഗ്ലീഷ് താരം നിക്ക് നൈറ്റ് പറഞ്ഞു. അതിനാൽ ഷോർട്ട് ബോൾ പ്രധാന തന്ത്രമായിരിക്കുമെങ്കിലും വിജയിക്കുമെന്ന് എനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, ഈ പന്തുകളെ നേരിടാന്‍ തന്നെയാണ് സഞ്ജു നെറ്റ്സില്‍ പരിശീലനം നടത്തിയത്. പുൾ ഷോട്ടുകളിലും ഡ്രൈവ് ഷോട്ടുകളിലുമാണ് സഞ്ജു കഴിഞ്ഞ ദിവസത്തെ നെറ്റ്സില്‍ കൂടുതല്‍ നേരം പരിശീലിച്ചതെന്നാണ് വിവരം. പരിശീലകന്‍ റയാൻ ടെൻ ഡോഷേറ്റ് എറിഞ്ഞു നൽകിയ അണ്ടർആം പന്തുകൾ ഉപയോഗിച്ച് 10 മിനിറ്റോളം സഞ്ജു പുൾ ഷോട്ടുകൾ മാത്രം പരിശീലിച്ചു. ഷോര്‍ട്ട് പന്തുകളെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ENGLISH SUMMARY:

Sanju Samson's impressive performance against the West Indies positions him as a key Indian hope for the semi-final. However, facing England, especially Jofra Archer, presents a significant challenge due to past encounters and their strategy of exploiting short-pitch bowling vulnerabilities.