സിംബാബ്‍വെയ്ക്ക് എതിരായ ഇന്ത്യയുടെ പരമ്പര ജയത്തോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്‍റെ സ്ഥാനത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് ആരാധകര്‍. വൈഭവ് സൂര്യവംശി മികച്ച ഫോമില്‍ കളിക്കുന്നത് സഞ്ജുവിന്‍റെ സ്ഥാനം നഷ്ടപ്പെടുത്തുമോ എന്നാണ് ആരാധകര്‍ക്ക് ആശങ്ക. തുടര്‍ച്ചയായ പരാജയപ്പെടുന്ന അഭിഷേക് ശര്‍മയെ സംരക്ഷിക്കുന്ന സമീപനമാണ് ടീം മാനേജ്മെന്‍റ് ചെയ്യുന്നതെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്തും ഇന്ത്യന്‍ താരം ഹനുമ വിഹാരിയും വിമര്‍ശിച്ചു.
അഭിഷേകിന്‍റെയും സഞ്ജുവിന്‍റെയും പ്രകടനങ്ങളെ വിലയിരുത്തി അഭിഷേകിന് സംരക്ഷണം ലഭിക്കുന്നുവെന്ന് ഹനുമ വിഹാരി വാദിക്കുന്നു. ലോകകപ്പിന് മുൻപ് സഞ്ജുവിന് അഞ്ച് മത്സരങ്ങളിൽ തിളങ്ങാനാവാതെ പോയതോടെ പ്ലേയിങ് ഇലവനിലെ സ്ഥാനം പോയി. പക്ഷേ തിരിച്ചുവരവ് നടത്തി ടൂര്‍ണമെന്‍റിലെ താരമായി. ഈ ടൂര്‍ണമെന്റില്‍ അഭിഷേക് ശര്‍മ എത്ര റണ്‍സാണ് നേടിയതനെന്നാണ് ഹനുമ വിഹാരിയുടെ ചോദ്യം. ഇംഗ്ലണ്ട് പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചറിക്കപ്പുറം ഒന്നും നേടാന്‍ അഭിഷേകിന് സാധിച്ചില്ല. 20, 30 റണ്‍സ് പോലുമില്ല. എട്ടു മല്‍സരത്തിനിടെ ഒരു അര്‍ധ സെഞ്ചറി മാത്രം. ലോകകപ്പ് കൂടി കണക്കിലെുത്താല്‍ 18 മല്‍സരങ്ങളില്‍ നിന്നും ഒരു അര്‍ധ സെഞ്ചറി മാത്രമാണ് നേടാനായതെന്നും ഹനുമന്‍ വിഹാരി തന്‍റെ യൂട്യുബ് ചാനലിലെ വിഡിയോയില്‍ പറഞ്ഞു.
'മൂന്നു മല്‍സരങ്ങള്‍ കളിച്ച സഞ്ജു മൂന്നു അര്‍ധ സെഞ്ചറി നേടി. അഞ്ചു മല്‍സരങ്ങള്‍ കളിച്ച അഭിഷേകിന്‍റെ ഉയര്‍ന്ന സ്കോര്‍ 16 ആണ്. ഇതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല.
സഞ്ജു സ്ഥിരതയില്ലാത്തവനാണെന്ന് പറയുന്നു. അത് ശരിയായിരിക്കാം. എന്നാൽ ഉയർന്ന സമ്മർദമുള്ള മത്സരങ്ങൾ ജയിപ്പിക്കാൻ അവന് കഴിയും. എന്തുകൊണ്ടാണ് വ്യത്യസ്ത താരങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍' എന്നും ഹനുമ വിഹാരി ചോദിച്ചു.
മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതിന്റെ പേരിൽ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയും നിരന്തരം പരാജയപ്പെടുന്ന അഭിഷേകിനെ സംരക്ഷിക്കുകയും ചെയ്യുന്നതിനെയാണ് ശ്രീകാന്ത് ചോദ്യം ചെയ്യുന്നത്. ലോകകപ്പിനു ശേഷം ചില ഇന്നിങ്സുകൾ മികച്ച രീതിയിൽ കളിച്ചിട്ടുണ്ടെന്നതു മാറ്റി നിർത്തിയാൽ അഭിഷേക് പൂർണ പരാജയമാണ്. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് അവസരങ്ങൾ കിട്ടാതെ പോകുന്നതും അഭിഷേകിനു ഇങ്ങനെ സംരക്ഷണം കിട്ടുന്നതും എന്തുകൊണ്ടാണെന്നു അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ആറു ട്വന്‍റി 20 ഇന്നിങ്സുകളില്‍ നിന്നും 2, 8, 1, 3, 16, 10 എന്നിങ്ങനെ മാത്രമാണ് അഭിഷേകിന് സ്കോര്‍ ചെയ്യാന്‍ സാധിച്ചത്.
വൈഭവിന്റെ ഫോം തിരിച്ചടി
വൈഭവ് സൂര്യവംശിയുടെ ഫോം സഞ്ജു സാംസണിന് തിരിച്ചടിയാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. 'ആരുടെയെങ്കിലും സ്ഥാനം എടുത്താൽ പിന്നെ അവരെ ആ വഴിക്ക് തിരികെ വരാൻ അവൻ അനുവദിക്കില്ല' എന്നാണ് വൈഭവിനെ പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. അത്രത്തോളം അസാധാരണമായ മികവാണ് വൈഭവിന്‍റേതെന്നും പത്താന്‍ പറഞ്ഞു.
സഞ്ജുവിന്‍റെ പുറത്താകല്‍ ഇങ്ങനെ
ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറാണ് സഞ്ജു സാംസണ്‍. എന്നാല്‍ അയര്‍ലന്‍ഡ് സീരിസില്‍ സഞ്ജു ചെറിയ സ്കോറില്‍ ഒതുങ്ങിയതോടെ ഇംഗ്ലണ്ടിെനതിരെ വൈഭവിന് അവസരം ലഭിച്ചു. വൈഭവ് ഇംഗ്ലണ്ടിനെതിരെ നിറം മങ്ങിയതോടെ അഞ്ചാം ട്വന്‍റി20യില്‍ സഞ്ജു തിരികെയെത്തി. സിംബാബ്‍വെ പര്യടനത്തില്‍ സഞ്ജുവിനെ പുറത്തിരുത്തിയാണ് വൈഭവിനെ ടീമിലെടുത്തത്.
മൂന്ന് ഇന്നിങ്സിലായി രണ്ട് അര്‍ധ സെഞ്ചറിയടക്കം 185 റണ്‍സ് വൈഭവ് നേടി. ഇതോടെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തില്‍ സഞ്ജുവോ വൈഭവോ എന്നതാണ് ചോദ്യം.