Image Credit: X/Rajiv1841
രാജസ്ഥാൻ റോയൽസ് വിടാന്‍ തീരുമാനിച്ച സഞ്ജു സാംസൺ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും. സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറുന്ന രീതിയിലാകും ഇടപാട്. മൂന്നു താരങ്ങളുമായി ഇരു ഫ്രാഞ്ചൈസികളും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എന്നാൽ ഫ്രാഞ്ചൈസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ESPNcricinfo റിപ്പോർട്ട് ചെയ്തു.
ട്രേഡിൽ ഉൾപ്പെട്ട മൂന്ന് താരങ്ങളുടെയും പേര് വെളിപ്പെടുത്തികൊണ്ടുള്ള താൽപര്യപത്രം രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ഐപിഎൽ ഗവേണിംഗ് കൗൺസിലിന് സമർപ്പിക്കേണ്ടതുണ്ട്. താരങ്ങളുടെ സമ്മതം ലഭിച്ചാൽ ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി ചർച്ചകളിലേക്ക് കടക്കാവുന്നതാണ്. ഐപിഎൽ ഗവേണിംഗ് കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചാൽ മാത്രമെ അന്തിമ കരാർ നടപ്പിലാക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കുകയുള്ളൂ.
ദീർഘകാലമായി ഒരേ ഫ്രാഞ്ചൈസിക്ക് കീഴിൽ കളിക്കുന്നവരാണ് സഞ്ജുവും ജഡേജയും. 11 വർഷമായി രാജസ്ഥാനൊപ്പമാണ് സഞ്ജു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമാണ് ജഡേജ. 2025 ലെ ഐപിഎൽ സീസണിന് ശേഷം ടീം വിടാനുള്ള താൽപര്യം സഞ്ജു രാജസ്ഥാൻ റോയൽസ് മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. 2025 ലെ മെഗാ ലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കാണ് ചെന്നൈ ജഡേജയെ നിലനിർത്തിയത്. ധോണിക്കും കോലിക്കും രോഹിതിനും ദിനേശ് കാർത്തിക്കിനും ശേഷം ഏറ്റവും കൂടുതൽ ഐപിഎൽ മൽസരം കളിച്ച താരമാണ് ജഡേജ, 254 മത്സരങ്ങൾ. 19-ാം വയസിൽ ജഡേജ ഐപിഎൽ അരങ്ങേറിയത് രാജസ്ഥാനൊപ്പമാണ്. ആദ്യ സീസണിൽ കപ്പടിച്ച ടീമിൽ അംഗമായിരുന്നു ജഡേജ.
67 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച സഞ്ജു 33 മത്സരങ്ങളിൽ വിജയിച്ചിരുന്നു. രാജസ്ഥാൻ പ്ലേഓഫിലെത്തിയ 2024 ഐപിഎല്ലിൽ 530 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 2025 മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ നിലനിർത്തിയ ആറു താരങ്ങളിലൊരാളായിരുന്നു സഞ്ജു. 18 കോടിക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്.
2019 തിൽ പഞ്ചാബ് കിങ്സിനൊപ്പമാണ് സാം കറന്‍റെ ഐപിഎൽ കരിയർ ആരംഭിക്കുന്നത്. 18.50 കോടി രൂപയ്ക്കാണ് സാം കറൻ പഞ്ചാബിലെത്തുന്നത്. 2020 ലും 2021 ലും ചെന്നൈയ്ക്ക് കളിച്ച താരത്തെ 2025 ൽ 2.40 കോടിക്കാണ് ടീമിലെത്തിച്ചത്.