ഐപിഎൽ 2026 ലേലം ഡിസംബർ പകുതിയോടെ നടക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, ടീമുകൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക നവംബർ 15-നകം പുറത്തുവിടും. ഇതിനിടെ, രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. രോഹിത്തിന്റെ അടുത്ത സുഹൃത്ത് അഭിഷേക് നായരെ കെ.കെ.ആർ ഹെഡ് കോച്ചായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍. 

എന്നാല്‍ ഉടന്‍ തന്നെ വന്നു മുംബൈ ഇന്ത്യൻസിന്‍റ വക തകര്‍പ്പന്‍ മറുപടി. ‘നാളെ സൂര്യൻ ഉദിക്കുമെന്നത് ഉറപ്പാണ്, പക്ഷേ (കെ)നൈറ്റ്... അത് ബുദ്ധിമുട്ടുള്ള കാര്യം മാത്രമല്ല, അസാധ്യവുമാണ്’. മുംബൈ ഇന്ത്യൻസ് തങ്ങളുടെ എക്സ് അക്കൗണ്ടിൽ ഇങ്ങനെ കുറിച്ചു. അഭിഷേക് നായരെ കെ.കെ.ആർ ഹെഡ് കോച്ചായി പ്രഖ്യാപിച്ച അതേ ദിവസം തന്നെ അഭ്യൂഹങ്ങൾക്ക് മുംബൈ ഇന്ത്യൻസിന്‍റെ മറുപടി.

കോച്ച് സ്ഥാനത്തുണ്ടായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്, മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പുതിയ ഹെഡ് കോച്ചായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2018 മുതൽ കെ.കെ.ആറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നായർ, ടീമിന്‍റെ തിങ്ക് ടാങ്കിലെ പ്രധാനിയാണ്. ടീം സെലക്ഷനിലുൾപ്പെടെ അഭിഷേക് നായര്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 

ഏകദേശം ഒമ്പത് മാസത്തോളം ഗൗതം ഗംഭീറിന്റെ പരിശീലക സംഘത്തിൽ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന അഭിഷേക് നായരെ, ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയതിന് പിന്നാലെ സിതാംശു കോട്ടക് പകരം വന്നതോടെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇന്ത്യൻ ദേശീയ ടീമിനായി മൂന്ന് ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട് 43-കാരനായ അഭിഷേക് നായർ. രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, ദിനേഷ് കാർത്തിക് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.  

ENGLISH SUMMARY:

IPL 2026 auction is expected to take place around mid-December. Teams will release the list of retained players by November 15.