ഐ.പി.എല്ലില്‍ താരങ്ങളുടെ കൂടുമാറ്റമാണ് പുതിയ ചര്‍ച്ച. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്ന എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നും ഒഴിവാക്കാന്‍ ആര്‍. അശ്വിന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത. അശ്വിന്‍ ഇക്കാര്യം സി.എസ്.കെ മാനേജ്മെന്‍റിനോട് സംസാരിച്ചു എന്നാണ് വിവരം. ഈ തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. സി.എസ്.കെ അക്കാദമിയുടെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍ സ്ഥാനവും ഒഴിയുമെന്നാണ് വാര്‍ത്ത. രണ്ടു ടീം മാറ്റ വാര്‍ത്തകളും ചര്‍ച്ചയില്‍ നില്‍ക്കെ അശ്വിനും സഞ്ജുവും നേരിട്ടു കണ്ടു എന്നതാണ് രസകരം.
അശ്വിന്‍റെ യൂട്യൂബ് ചാനലിലെ പരിപാടിയായ കുട്ടി സ്റ്റോറിന്‍റെ പുതിയ എപ്പിസോഡില്‍ സഞ്ജുവാണ് അതിഥി. ഇതിന്‍റെ ടീസറിലാണ് ഇപ്പോഴത്തെ കാര്യങ്ങളെ പറ്റിയുള്ള രസകരമായ സംസാരം നടക്കുന്നത്. ടീം മാറ്റം സംബന്ധിച്ച വാര്‍ത്ത അശ്വിന്‍, സഞ്ജുവിനോട് നേരിട്ട് ചോദിക്കുന്നുണ്ട്.
'എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനുണ്ട്. അതിന് മുന്‍പ് നേരിട്ട് എന്നെ തന്നെ ട്രേഡ് ചെയ്യാമെന്ന് കരുതി. ഒരുപാട് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. എനിക്ക് ഇതിനെ പറ്റി കാര്യമായൊന്നും അറിയില്ല. അതിനാല്‍ നിങ്ങളെ വിളിച്ച് തന്നെ ചോദിക്കാമെന്ന് കരുതി. എനിക്ക് കേരളത്തില്‍ തന്നെ തുടരാന്‍ സാധിക്കുമോ?, നിങ്ങള്‍ ചെന്നൈയിലേക്ക് തിരികെ പോകാന്‍ സാധിക്കുമോ' എന്നാണ് അശ്വിന്‍ ചോദിക്കുന്നത്. ചിരിയോടെയാണ് സഞ്ജു ഇതിനോട് പ്രതികരിക്കുന്നത്.
2025 ലെ ഐപിഎല്‍ മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്കാണ് അശ്വിന്‍ ചെന്നൈയിലെത്തിയത്. ഒന്‍പത് കളികളിൽ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്. ടീം വിടാനുള്ള താല്‍പര്യം സഞ്ജു രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്‍റിനെ അറിയിച്ചു എന്നാണ് വാര്‍ത്ത. ടീമില്‍ ക്യാപ്റ്റനായിരുന്നിട്ട് പോലും സ്വന്തം ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കാന്‍ സാധിക്കാത്തതാണ് സഞ്ജു ടീം വിടാനുള്ള കാരണങ്ങളിലൊന്ന്.
ഓപ്പണറായി ഇറങ്ങാനാണ് സഞ്ജുവിന് താല്‍പര്യം. ട്വന്‍റി20 ദേശിയ ടീമിലും സഞ്ജു ഓപ്പണിങ് ബാറ്റ്സ്മാനാണ്. അവസാന സീസണില്‍ യശസ്വി ജയ്സ്വാള്‍– വൈഭവ് സൂര്യവംശി കൂട്ടുകെട്ട് രാജസ്ഥാന്‍റെ ഓപ്പണിങില്‍ തിളങ്ങിയിരുന്നു. ഇതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായത് മാനേജ്മെന്‍റുമായുള്ള തര്‍ക്കത്തിന് കാരണമായി.