സഞ്ജു സാംസണെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വ്യക്തമാക്കി. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ താരത്തെ ടീമിലെത്തിക്കാന്‍ ചെന്നൈ രംഗത്തുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചെന്നൈയുടെ പ്രതികരണത്തിന് പിന്നാലെ മറ്റ് ടീമുകളും താരത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഞ്ജുവിനെ ടീമിലെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രംഗത്തുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഐപിഎല്ലില്‍ താരങ്ങളെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കുന്നതിനുള്ള വിന്‍ഡോ നിലവില്‍ ഓപ്പണാണ്. ക്രിക്ബസ് റിപോര്‍ട്ട് പ്രകാരം നിലവില്‍ നിരവധി ടീമുകളാണ് സഞ്ജുവിനായി രംഗത്തുള്ളത്.
സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താത്പര്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഔദ്യോഗിക തലത്തില്‍ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ചെന്നൈയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടുത്ത സീസണില്‍ സഞ്ജുവിനെ ടീമിലെത്തിക്കുക എന്നത് ചെന്നൈക്ക് അത്ര എളുപ്പമാകില്ല. നിലവില്‍ രാജസ്ഥാനുമായി കരാറുള്ളതിനാല്‍ ഐപിഎല്‍ ട്രേഡ് വിന്‍ഡോയിലെ ചില കടമ്പകള്‍ കടന്നാല്‍ മാത്രമേ ചെന്നൈക്ക് സഞ്ജുവിനെ സ്വന്തമാക്കാനാകൂ.
ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ മുന്നിട്ടിറങ്ങിയ ട്രേഡുകള്‍ വളരെ കുറവാണ്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്‍റെ നിലവിലെ ശമ്പളം 18 കോടി രൂപയാണ്. താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയാലും അവിടെയും ഇതേ ശമ്പളം തന്നെയാവും ലഭിക്കുക.