മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ് ഐപിഎൽ ഫൈനലിൽ. 204 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിർത്തി പഞ്ചാബ് മറികടന്ന്. 41 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബിനെ 11 വർഷത്തിന് ശേഷം ഐപിഎൽ ഫൈനലിൽ എത്തിച്ചത്. 3 ടീമുകളെ ഐപിഎൽ ഫൈനലിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റനായി ശ്രേയസ് അയ്യർ.
പഞ്ചാബിന്റെ റോക്ക്സ്റ്റാർ ആയി ശ്രേയസ്. 8 സിക്സും 5 ഫോറും അടിച്ച് ശ്രേയസ് അജ്ജയനായി നിന്നപ്പോൾ മുംബൈയ്ക്കെതിരെ പഞ്ചാബ് ആദ്യമായി 200 റൺസ് പിന്തുടർന്ന് ജയിച്ച് ഫൈനലിലേക്ക്. ഐപിഎൽ ചരിത്രത്തിലെ പ്ലേ ഓഫിലെ വമ്പൻ ജയം. ജസ്പ്രീത് ബുമ്രയുടെ 4 ഓവറിൽ നിന്ന് പഞ്ചാബ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അടിച്ചെടുത്ത 40 റൺസ് മത്സരത്തിന്റെ ഗതികുറിച്ചു.
ബുമ്രയുടെ ആദ്യ ഓവറിൽ നിന്ന് ജോഷ് ഇംഗ്ലീസ് നേടിയത് 20 റൺസ് . 13 റൺസിൽ നിൽക്കെ ട്രെൻഡ് ബോൾട്ട് കൈവിട്ട നേഹൽ വധേര ക്യാപ്റ്റൻ ശ്രേയസിനൊപ്പം നാലാം വിക്കറ്റിൽ ചേർത്തത് 84 റൺസ്. പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും 64 റൺസാണ് പഞ്ചാബ് നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസ് നേടിയത്. 44 റൺസ് വീതമെടുത്ത തിലക് വർമയും സൂര്യകുമാറും ടോപ്പ് സ്കോറർമാർ. 18 പന്തിൽ 37 റൺസ് എടുത്ത നമൻ ദിറിന്റെ ഫിനിഷിംഗാണ് സ്കോർ 200 കടത്തിയത്. നാളെ നടക്കുന്ന ബെംഗളൂരു പഞ്ചാബ് ഫൈനലിൽ ആരുജയിച്ചാലും ഐപിഎല്ലിന് പുത്തൻ ചാമ്പ്യനെ കിട്ടും.