FILE PHOTO: Cricket - Indian Premier League - IPL - Lucknow Super Giants v Royal Challengers Bengaluru - Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, Lucknow, India - May 27, 2025 Royal Challengers Bengaluru's Virat Kohli during the warm-up before the match REUTERS/Mihir Singh/File Photo
യൂറോപ്പ ലീഗ് ചാംപ്യന്‍മാരായി ടോട്ടനം ഹോട്സ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് എഫ്എ കപ്പുയര്‍ത്തിയത് ക്രിസ്റ്റല്‍ പാലസ്, ഏഴുപതിറ്റാണ്ട് നീണ്ട കിരീടകാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയത് ന്യൂകാസില്‍ യുണൈറ്റഡ്, കരിയറിലെ ആദ്യ കിരീടമുയര്‍ത്തി ഹാരി കെയ്ന്‍.... ഇംഗ്ലണ്ടില്‍ മാത്രമല്ല ഇറ്റലിയിലും ബെല്‍ജിയത്തിലും സ്കോട്ലന്റിലും കണ്ടു കിരീടകാത്തിരിപ്പിന് ക്ലബുകള്‍ അവസാനമിടുന്നത്. 2025 നല്‍കുന്ന സൂചന ശരിയെങ്കില്‍ ഇന്ത്യയില്‍ ഐപിഎലിനോളം പ്രായമുള്ള ആര്‍സിബിയുടെ കിരീടകാത്തിരിപ്പിനും ഇക്കുറി അവസാനമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മൂന്നുവട്ടം കൈവിട്ട കിരീടം
ചെന്നൈ സൂപ്പര്‍ കിങ്സും മുംൈബ ഇന്ത്യന്‍സും കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ തവണ ഐപിഎല്‍ പ്ലേ ഓഫിലെത്തിയ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. െചന്നൈ സൂപ്പര്‍ കിങ്സും മുംൈബ ഇന്ത്യന്‍സും അഞ്ചുവീതം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കില്‍ ബെംഗളൂരുവിന് പറയാനുള്ളത് മൂന്നുവട്ടം ഫൈനലില്‍ തോറ്റ ചരിത്രംമാത്രം. ഐപിഎലിന്റെ രണ്ടാം സീസണില്‍ തന്നെ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെഗളൂരു, അന്ന് കീഴടങ്ങിയത് ഡെക്കാന്‍ ചാര്‍ജേഴ്സിനോട്. 2011ല്‍ തോല്‍വി ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ. 2016ല്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റത് എട്ടുറണ്‍സിന്. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇക്കുറി പ്ലേ ഓഫ് പ്രവേശനം. 9 മല്‍സരങ്ങള്‍ വിജയിച്ചപ്പോള്‍ തോറ്റത് നാലെണ്ണത്തില്‍ മാത്രം. രണ്ടാമതായത് നെറ്റ് റണ്‍റേറ്റിന്റെ വിത്യാസത്തില്‍. ഒരു എവേ മല്‍സരം പോലും ഇക്കുറി ബെംഗളൂരു തോറ്റിട്ടില്ല. ഇനി ഫൈനല്‍ വരെയെത്തിലായും മല്‍സരങ്ങളെല്ലാം ബെംഗളൂരുവിന് എവേ ഗ്രൗണ്ടിലാണ്.
Lucknow: RCB players celebrate the dismissal of SRH's Travis Head during IPL T20 cricket match between Sunrisers Hyderabad and Royal Challengers Bengaluru at Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, in Lucknow, Uttar Pradesh, Friday, May 23, 2025. (PTI Photo/Manvender Vashist Lav) (PTI05_23_2025_000372A)
ബിഗ് 3 ഇല്ലാത്ത ആര്‍സിബി
ആര്‍സിബിയെ എന്നും മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു ബിഗ് 3 കൂട്ടുകെട്ടുണ്ടായിരുന്നു. ഇക്കുറി താരലേലത്തിന് മുമ്പ്‍ ഫ്രാഞ്ചൈസി ഒരു തീരുമാനമെടുത്തു. താരങ്ങളെ ലേലംവിളിച്ചെടുക്കുമ്പോള്‍ അവര്‍ എങ്ങനെ കളിക്കുന്നവരാണ് എന്നതായിരിക്കരുത് തിരഞ്ഞെടുപ്പിന് അടിസ്ഥാനം. പകരം ടീമിന് യോജിച്ചവരാണോ എന്നത് മാത്രമായിരിക്കണം ചിന്ത. മികച്ച താരങ്ങളല്ല, യോജിച്ച താരങ്ങളാണ് ആര്‍സിബിക്ക് വേണ്ടതെന്ന ബോധ്യത്തില്‍ നിന്നാണ് ഇക്കുറി ടീം ഒരുക്കിയെടുത്തത്. 2024ല്‍ കിരീടം നേടിയ കൊല്‍ക്കത്തെയ മാതൃകയാക്കി ഡേറ്റയില്‍ വിശ്വസിച്ചാണ് ആര്‍സിബി ടീം ഒരുക്കിയത്. കോലിക്കൊപ്പം ഒരു തീപ്പൊരി ഓപ്പണറെത്തിയതും എന്നുമൊരു ദൗര്‍ബല്യമായിരുന്ന ബോളിങ് നിരയിലേക്ക് ജോഷ് ഹേസല്‍വുഡ് എത്തിയതും ആര്‍സിബിയുടെ മുഖഛായ മാറ്റി.
ന്യൂകാസില്‍ കാത്തിരുന്നത് 70 വര്‍ഷം; പാലസിന്റെ ആദ്യ കിരീടം
1955ല്‍ നേടിയ എഫ്എ കപ്പായിരുന്നു ന്യൂകാസില്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഒടുവിലത്തെ പ്രാദേശിക കിരീടനേട്ടം. 70ാം വര്‍ഷം, 2025ല്‍ ആ കാത്തിരിപ്പും അവസാനിച്ചു. ഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവര്‍പൂളിനെ 2–1ന് തോല്‍പിച്ചു. എഫ്എ കപ്പ് ഫൈനലില്‍ മല്‍സരിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും. സിറ്റിയും ആരാധകരും അനായാസ കിരീടനേട്ടം പ്രതീക്ഷിച്ചിടത്ത് അട്ടിമറി വിജയവുമായി ക്രിസ്റ്റ് പാലസ് ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബുകള്‍ മല്‍സരിക്കുന്ന കോപ്പ ഇറ്റാലിയ നേടിയത് ബൊലോന്യ. 51 വര്‍ഷത്ത കാത്തിരിപ്പാണ് ബൊലോന്യ അവസാനിപ്പിച്ചത്. തോല്‍പിച്ചതാകട്ടെ വമ്പന്‍മാരായ എ.സി.മിലാനെ.
17 വര്‍ഷമാണ് ടോട്ടനം ഹോട്സ്പര്‍ ഫുട്ബോള്‍ ക്ലബ് ഒരു കിരീടത്തിനായി കാത്തിരുന്നത്. 2008ല്‍ നേടിയ ലീഗ് കപ്പായിരുന്നു ടോട്ടനം ഹോട്സപര്‍ ആരാധകര്‍, കളിയാക്കിയവര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ എടുത്തുകാണിച്ച കിരീടനേട്ടം. അന്ന് ദിമിത്രി ബെര്‍ബറ്റോവും ജോനഥന്‍ വുഡ്ഗേറ്റും നേടിയ ഗോളില്‍ ചെല്‍സിയെ തോല്‍പിച്ചത് 2–1ന്. ശേഷം നാലുവട്ടം ടോട്ടനം ഹോട്സപര്‍ ഫൈനല്‍ കളിച്ചെങ്കിലും നാലിലും തോറ്റു. ഇതിലൊരു ചാംപ്യന്‍സ് ലീഗ് ഫൈനലും ഉള്‍പ്പെടും. 2018 –19 സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനോടേറ്റ തോല്‍വി കനമുള്ള വേദനയായി.
ടോട്ടനം ഹോട്സ്പര്‍ കിരീടം നേടുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് ടോട്ടനം വിട്ട് ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിലെത്തിയ ഹാരി കെയ്നും കപ്പുയര്‍ത്തി. ജര്‍മന്‍ ബുണ്ടസ് ലീഗ ചാംപ്യന്‍പട്ടം ഹാരി കെയ്നിന്റെ കരിയറിലെ ആദ്യ കിരീടമായി. ഗോള്‍ഡന്‍ ബൂട്ടുകള്‍ ആവോളമുണ്ടെങ്കിലും ഒരു കിരീടംപോലുമില്ലാത്തത് ഇംഗ്ലീഷ് ക്യാപ്റ്റന്റെ കരിയറിലെ ശൂന്യതയായിരുന്നു. കിരീടത്തിനായി ക്ലബ് വിട്ട കെയ്നും, ടോട്ടനം ഹോട്സ്പറും ദിവസങ്ങളുടെ മാത്രം അകലത്തില്‍ കപ്പടിച്ചതും കൗതുകമായി.