ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അവസാനിക്കാന്‍ പോകുമ്പോള്‍ കഷ്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ കാര്യം. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണ് ടീം. കുമാര്‍ സംഗക്കാരയ്ക്ക് പകരം പരിശീലകനായെത്തിയ രാഹുല്‍ ദ്രാവിഡിന്‍റെ തന്ത്രങ്ങള്‍ ടീമിനെ രക്ഷപ്പെടുത്തിയില്ല. അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്‍റെ മല്‍സരങ്ങളില്‍ ദ്രാവിഡ് നിരന്തരം എന്തെക്കെയോ കുത്തികുറിക്കുന്നുമുണ്ട്.
വൈഭവ് സൂര്യവംശിയുടെ നോട്ടെഴുതുകയാണെന്നും ഹോം വര്‍ക്ക് ചെയ്യുകയാണെന്നുമെല്ലാമാണ് ദ്രാവിഡിന് നേര്‍ക്ക് വന്ന ട്രോള്‍. ഐപിഎലിലുടനീളം എന്താണ് എഴുതിയതെന്ന് ദ്രാവിഡ് തന്നെ വെളിപ്പെടുത്തി. സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവച്ച വിഡിയോയിലാണ് ദ്രാവിഡ് സംസാരിക്കുന്നത്.
'ട്വന്‍റി 20യിലും ഏകദിനത്തിലും സ്കോര്‍ എഴുതാന്‍ എനിക്കൊരു പ്രത്യേക രീതിയുണ്ട്. പിന്നീടത് അവലോകനം ചെയ്യാൻ സഹായിക്കും. എനിക്ക് സ്കോർകാർഡ് നോക്കാം, പക്ഷേ സ്കോർകാർഡ് നോക്കാതെ തന്നെ അവലോകനം ചെയ്യാൻ കഴിയുന്ന എനിക്ക് തോന്നുന്ന ഒരു പ്രത്യേക രീതിയിലാണ് ഞാൻ എഴുതുന്നത്' എന്നാണ് ദ്രാവിഡ് പറയുന്നത്.
എഴുതുന്നത് സങ്കീർണ്ണമായ കാര്യങ്ങളോ റോക്കറ്റ് സയൻസോ ഒന്നുമല്ല. വിരസവും മണ്ടത്തരവുമായ കാര്യങ്ങളാണിതെന്നും ദ്രാവിഡ് പറഞ്ഞു. കളിയുടെ ഏതെങ്കിലും ഒരു ഓവറിലെ പ്രത്യേക ഘട്ടത്തിലോ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഈ രീതി സഹായിക്കും എന്നും ദ്രാവിഡ് പറഞ്ഞു.
സീസണിലെ അവസാന മല്‍സരത്തിനങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍. അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര് കിങ്സിനെയാണ് രാജസ്ഥാന്‍ നേരിടുന്നത്. ഇന്ന് ജയിക്കാനായില്ലെങ്കില്‍ അവസാന സ്ഥാനക്കാരായി രാജസ്ഥാന് സീസണ്‍ പൂര്‍ത്തിയാക്കേണ്ടി വരും.