എയ്ഡന്‍ മാര്‍ക്രം (ഇടത്), കോര്‍ബിന്‍ ബോഷ് (വലത് ) Image: ANI
ഐപിഎല്‍ പ്ലേ ഓഫിന് കാത്തുനില്‍ക്കാതെ എയ്ഡന്‍ മാര്‍ക്രമും ലുംഗി എന്‍ഗിഡിയുമുള്‍പ്പടെയുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മേയ് 25ഓടെ ഇന്ത്യ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാനുള്ളതിനാലാണ് താരങ്ങള്‍ മടങ്ങുന്നത്. കളിക്കാര്‍ക്ക് സുഗമമായി നാട്ടിലേക്ക് മടങ്ങുന്നതിനായി എന്‍ഒസി ബിസിസിഐ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയ് 26ഓടെ ഇവരെ വിട്ടയയ്ക്കണമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് മുപ്പതിനാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനായി ദക്ഷിണാഫ്രിക്കന്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്.
Bengaluru, May 03 (ANI): Royal Challengers Bengaluru's Lungi Ngidi celebrates a wicket during the IPL 2025 match against Chennai Super Kings, at M. Chinnaswamy Stadium in Bengaluru on Saturday. (ANI Photo)
ചൊവ്വാഴ്ചയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്. ഓസീസിനെതിരെ ഫൈനല്‍ കളിക്കുന്നതിന് മുന്‍പായി സിംബാംബ്വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് സന്നാഹ മല്‍സരവും കളിക്കേണ്ടതുണ്ട്. ജൂണ്‍ 11ന് ലോര്‍ഡ്സിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ നടക്കുക.
നിലവില്‍ ഐപിഎല്‍ കളിക്കുന്ന എട്ടു താരങ്ങളാണ് ടീമിലുള്ളത്. മുന്‍നിശ്ചയിച്ച പ്രകാരം മേയ് 25ന് ഐപിഎല്‍ അവസാനിക്കേണ്ടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ ഐപിഎല്‍ താല്‍കാലികമായി നിര്‍ത്തി വയ്ക്കുകയും പിന്നീട് ശനിയാഴ്ച പുനരാരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച് ജൂണ്‍ മൂന്നിനാണ് ഫൈനല്‍ മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
റയാന്‍ റിക്കല്‍റ്റന്‍ (Image: Ryan Rickelton/FB)
മാര്‍കോ ജാന്‍സെന്‍ (പഞ്ചാബ് കിങ്സ്), എയ്ഡന്‍ മാര്‍ക്രം (എല്‍എസ്ജി), ലുംഗി എന്‍ഗിഡി (ആര്‍സിബി) കഗീസോ റബാദ (ഗുജറാത്ത് ടൈറ്റന്‍സ്), റയാന്‍ റിക്കല്‍റ്റന്‍, കോര്‍ബിന്‍ ബോഷ് (മുംബൈ ഇന്ത്യന്‍സ്) വിയാന്‍ മുള്‍ഡര്‍ (ഹൈദരാബാദ്), ട്രിസ്റ്റന്‍ സ്റ്റബ്സ് (ഡിസി) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലുള്‍പ്പെട്ട താരങ്ങള്‍. ഇക്കൂട്ടത്തില്‍ സണ്‍റൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായ സാഹചര്യത്തില്‍ വിയാന്‍ മുള്‍ഡര്‍ മാത്രമാണ് മേയ് 25ന് ഫ്രീയാവുക. മറ്റു ടീമുകളുടെ പ്ലേ ഓഫ് വരുംദിവസങ്ങളിലാകും തീരുമാനിക്കപ്പെടുക. താരങ്ങളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐപിഎലുമായും ബിസിസിഐയുമായും ചര്‍ച്ചകള്‍ തുടരുകയാണെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടര്‍ പറഞ്ഞതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.