ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ക്ക് തിരിച്ചടിയായി വിദേശതാരങ്ങളുടെ മടങ്ങിവരവ്. ഐപിഎല്‍ നിര്‍ത്തിവച്ചതിന് പിന്നാലെ രാജ്യം വിട്ട ഓസീസ് താരങ്ങളില്‍ പലരും ഐപിഎല്ലിനായി തിരിച്ചുവരില്ലെന്നാണ് വിവരം. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിനായി തിരികെ എത്തില്ലെന്ന സൂചനയാണ് താരത്തിന്റെ മാനേജര്‍ നല്‍കുന്നത്.
ഐപിഎല്‍ നിര്‍ത്തിവച്ചതിനു പിന്നാലെ പ്രമുഖ ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും ഭാര്യ അലിസ്സ ഹീലിയും സിഡ്നിയിലെത്തി. വിഷയത്തെ പറ്റി സ്റ്റാര്‍ക് മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും താരം ഐപിഎല്ലിനായി വീണ്ടും ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് മാനേജര്‍ ഓസ്ട്രേലിയന്‍ മാധ്യമമായ 9 ന്യൂസിനോട് പ്രതികരിച്ചത്.
ഐപിഎല്‍ കളിക്കാനായി തിരിച്ചുവരേണ്ടതില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചാൽ അവരെ പിന്തുണയ്ക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനമെന്ന് ദി ഏജ് റിപ്പോർട്ട് ചെയ്തു. സണ്‍റൈസേഴ്സ് താരങ്ങളായ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരും ഓസ്ട്രേലിയയില്‍ തുടരുമെന്നാണ് സൂചന. ജൂണ്‍ 11 ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് താരങ്ങള്‍.
ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ താരങ്ങളെ തിരിച്ചുകൊണ്ടുവരികയാണ് ബിസിസിഐയുടെ മുന്നിലുള്ള വെല്ലുവിളി. ഭൂരിഭാഗം ന്യൂസിലന്‍ഡ് താരങ്ങളും ഇതിനോടകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. താരങ്ങള്‍ക്ക് മേയ് 25 വരെയാണ് ഐപിഎല്‍ കളിക്കാന്‍ എന്ഒസിയുള്ളത്. ഇതിന് ശേഷം താരങ്ങളെ അനുവദിക്കണമോ എന്നതില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.
അതേസമയം ഐപിഎല്‍ മല്‍സരങ്ങള്‍ മേയ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വേദികളിലായി നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലായി മേയ് 30 വരെ നീളുന്ന രീതിയിലാകും ഐപിഎലിന്റെ പുതിയ ഷെഡ്യൂള്‍.