ധരംശാലയിലെ എച്ച്പിസിഎല്‍ ക്രിക്കറ്റ് സ്റ്റേഡിയം. ഫയല്‍ ചിത്രം.
ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്തെ വടക്കു–പടിഞ്ഞാറാന്‍ ഭാഗത്തുള്ള വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്‍ മല്‍സരങ്ങളെ ബാധിക്കുമെന്ന് ആശങ്ക. ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ജംനഗര്‍, ധരംശാല, രാജ്കോട്ട് അടക്കമുള്ള വിമാനത്താവളങ്ങള്‍ മേയ് 10 വരെയാണ് അടച്ചത്. ഇതോടെ പഞ്ചാബ് കിങ്സിന്‍റെ ധരംശാലയില്‍ നടക്കേണ്ട മല്‍സരങ്ങളെ പറ്റിയാണ് ആശങ്ക.
ഐപിഎല്‍ മല്‍സരത്തിനായി ധരംശാലയിലുള്ള ടീമുകളെ പുതിയ സാഹചര്യം ബാധിക്കും. മേയ് എട്ടിനുള്ള പഞ്ചാബ് കിങ്സിന്‍റെ ഹോം മാച്ചിനായി ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് ടീമും നിലവില്‍ ധരംശാലയിലുണ്ട്. 11-ാം തീയതി മുംബൈ ഇന്ത്യന്‍സിന് ധരംശാലയിലേക്ക് എത്തേണ്ടതുമുണ്ട്.
നിലവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ലെങ്കില്‍ ധരംശാലയില്‍ വ്യാഴാഴ്ച നടക്കേണ്ട പഞ്ചാബ്– ഡല്‍ഹി മല്‍സരം നടക്കും. എന്നാല്‍ ധരംശാലയ്ക്ക് തൊട്ടടുത്തുള്ള അമൃത്സര്‍, ചണ്ഡിഗഡ് വിമാനത്താവളങ്ങളും അടച്ചതോടെ ബിസിസിഐയ്ക്ക് പുതിയ യാത്ര പദ്ധതി നടപ്പിക്കേണ്ടി വരും.
ചണ്ഡീഗഡ് വിമാനത്താവളം പോലും അടച്ചിട്ടിരിക്കുന്നതിനാൽ മറ്റ് മാർഗമില്ല, നിലവിലെ സാഹചര്യത്തില്‍ കാത്തിരുന്ന് കാണേണ്ടിവരുമെന്നാണ് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 'രണ്ട് ടീമുകൾ ഇതിനകം ഇവിടെയുണ്ട്, മേയ് 11 ലെ മത്സരത്തിനായി മുംബൈ ഈ ആഴ്ച അവസാനം എത്തേണ്ടതാണ്. ഏറ്റവും അടുത്തുള്ള സാധ്യത ഡൽഹി വിമാനത്താവളത്തിലെത്താന്‍ ടീമുകൾക്ക് നീണ്ട റോഡ് യാത്ര ആവശ്യമാണ്. ഞങ്ങൾ സർക്കാർ ഉപദേശങ്ങൾ പിന്തുടരുകയാണ്, ആവശ്യാനുസരണം തീരുമാനം എടുക്കും' എന്നും അദ്ദേഹം വിശദീകരിച്ചു.
ബിസിസിഐയില്‍ നിന്ന് പഞ്ചാബ് കിങ്സിനും മുംബൈ ഇന്ത്യന്‍സിനും നിലവില്‍ യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിന്‍റെ യാത്രാ പദ്ധതിയിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരം മുംബൈയിലേക്ക് മാറ്റിയെന്നാണ് ബിസിസിഐ സോഴ്സിന്‍റെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഐപിഎല്‍ സീസണില്‍ ഇതുവരെ 56 മല്‍സരങ്ങളാണ് നടന്നത്. 14 മല്‍സരങ്ങളാണ് ഇനി ബാക്കിയുള്ളത്.