Mumbai Indians' Vignesh Puthur celebrates the dismissal of Chennai Super Kings' Shivam Dube during the Indian Premier League cricket match between Chennai Super Kings and Mumbai Indians in Chennai, India, Sunday, March 23, 2025. (AP Photo/R. Parthibhan)
ഐപിഎല്‍ ഈ സീസണിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടിയായി സ്റ്റാര്‍ ബോളര്‍ വിഘ്നേഷ് പുത്തൂരിന്‍റെ പരുക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിന് തൊട്ടു മുന്‍പാണ് പരുക്കേറ്റ് താരത്തിന്‍റെ പുറത്താവല്‍. ഐപിഎലിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വിഘ്നേഷിന് കളിക്കാന്‍ കഴിയില്ല. കണങ്കാലുകളില്‍ പരുക്കേറ്റതോടെയാണ് താരം വിശ്രമത്തിനൊരുങ്ങുന്നത്. വിഘ്നേഷിന്‍റെ കന്നി ഐപിഎല്‍ ആയിരുന്നു ഇത്തവണത്തേത്. അഞ്ച് മല്‍സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകളും താരം നേടി. വിഘ്നേഷ് ടീമിനൊപ്പം തുടരുമെന്നും ചികില്‍സയും ഫിറ്റ്നസ് വീണ്ടെടുക്കലും മുംബൈ ഇന്ത്യന്‍സിന്‍റെ മെഡിക്കല്‍ ടീമിനൊപ്പം നടത്തുമെന്നും ടീം വ്യക്തമാക്കി.
രഘുശര്‍മയെ വിഘ്നേഷിന് പകരക്കാനായി ടീമില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 32കാരനായ രഘുശര്‍മ പഞ്ചാബില്‍ നിന്നുള്ള വലങ്കൈയ്യന്‍ ബോളറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായും പുതുച്ചേരിക്കായും താരം കളിച്ചിട്ടുണ്ട്. അഞ്ചുവട്ടം അഞ്ചുവിക്കറ്റ് നേട്ടവും മൂന്ന് തവണ പത്തുവിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടി. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി 9 മല്‍സരങ്ങളില്‍ നിന്ന് 14 വിക്കറ്റും വീഴ്ത്തി. രഘുശര്‍മയ്ക്കും ഇത് ഐപിഎല്‍ അരങ്ങേറ്റമാണ്. അടിസ്ഥാനവിലയായ 30 ലക്ഷത്തിനാണ് താരം മുംബൈ ഇന്ത്യന്‍സിലെത്തിയത്.
Image: x.com/mipaltan
10 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്‍റുമായി മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ മൂന്നാമതാണ്. 14 പോയിന്‍റുമായി റോയല്‍ ചലഞ്ചേഴ്സ് ഒന്നാമതും 13 പോയിന്‍റുമായി പഞ്ചാബ് കിങ്സ് തൊട്ടുപിന്നാലെയുമുണ്ട്. 12 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. പത്തുകളിയില്‍ ഏട്ടിലും തോറ്റതോടെ ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കായുള്ള മുംബൈ ഇന്ത്യന്‍സ് ടീം ഇങ്ങനെ: റയാന്‍ റിക്കല്‍റ്റന്‍ (കീപ്പര്‍), രോഹിത് ശര്‍മ, വില്‍ ജാക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍) നമന്‍ ധിര്‍, കോര്‍ബിന്‍, ട്രെന്‍റ് ബോള്‍ട്ട്, ദീപക് ചാഹര്‍, കരണ്‍ ശര്‍മ, ബുംറ, രാജ് ബാവ, സത്യനാരായണ രാജു, റോഹിന്‍ മിന്‍സ്, റീസ് ടോപ്ലി, രഘുശര്‍മ, മിച്ചല്‍ സാന്‍റ്നര്‍, അശ്വനി കുമാര്‍, മുജീബുര്‍ റഹ്മാന്‍, അര്‍ജുന്‍ ടെന്‍ഡുല്‍കര്‍, ജേക്കബ്സ്, കൃഷ്ണന്‍ ശ്രീജിത്.