അച്ഛന്‍ കൃഷിഭൂമി വിറ്റ കാശുകൊണ്ട് ക്രിക്കറ്റില്‍ മകന്റെ നൂറുമേനി വിളവെടുപ്പ്. വൈഭവ് സൂര്യവംശിയുടെ വിജയം കണ്ണീര്‍ കുതിര്‍ന്ന ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്. ‘സര്‍, ആജ് മേം മാരൂംഗ', അതായത് ഇന്ന് ഞാന്‍ ബോളര്‍മാരെ അടിച്ചോടിക്കും. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിന് മുമ്പ് പതിനാലുകാരന്‍ വൈഭവ് സൂര്യവംശി തന്റെ പരിശീലകന്‍ മനീഷ് ഓജയോട് പറഞ്ഞ വാക്കുകളാണിത്.
അവധിക്കാലം ആഘോഷിക്കാനും ഐസ്ക്രീമും മട്ടണ്‍ ബിരിയാണിയും കഴിക്കാനും സമപ്രായക്കാര്‍ പോകുമ്പോള്‍ വൈഭവ് അതെല്ലാം തന്റെ ലക്ഷ്യത്തിനുവേണ്ടി മാറ്റിവച്ചു. ഇഷ്ടഭഷണമായ മട്ടണും പിസ്സയും വേണ്ടെന്ന് വച്ചു. ചിട്ടയായി പരിശീലനം നടത്തി. ഇഷ്ട ഹീറോയുടെ ബാറ്റിങ് ഷോട്ടുകള്‍ പലകുറി കണ്ടു. പ്രത്യേകിച്ച് സിക്സര്‍ ഷോട്ടുകള്‍. ഈ ദൃഢനിശ്ചയമാണ് വൈഭവിനെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമാക്കിയത്.
പതിനാലുകാരനെ ക്രിക്കറ്റ് ലോകത്തിന്റെ ഹരമാക്കാന്‍ അവന്റെ പിതാവിന് വരുമാന മാര്‍ഗമായ കൃഷിഭൂമി വില്‍ക്കേണ്ടി വന്നു. ആ പിതാവിന്റെ തീരുമാനമാണ് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയത്. അത്ഭുതബാലന്‍ വൈഭവ് സൂര്യവംശി ജയ്പൂരില്‍ തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിന് ആത്മസമര്‍പ്പണം അല്ലാതെ മറ്റൊന്നുമില്ല. ബിഹാറിലെ താജ്പുരില്‍ ജനിച്ച വൈഭവ് മൂന്നാം വയസില്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടം വ്യക്തമാക്കി. താജ്പുറില്‍ നിന്ന് 18കിലോമീറ്റര്‍ അകലെയുള്ള സമസ്തിപുറിലേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പരിശീലനത്തിന് പിതാവ് സഞ്ജീവിനൊപ്പം പുറപ്പെട്ടു. പുലര്‍ച്ചെ നാലുമണിക്ക് അമ്മ അവര്‍ക്കുള്ള ഭക്ഷണം തയാറാക്കി കൊടുത്തുവിടും.
ഒന്നിടവിട്ട ദിവസങ്ങളില്‍ പരിശീലനത്തിന് പോകുന്നതിനാല്‍ 100 ഓവറുകളാണ് ആ പോകുന്ന ദിവസങ്ങള്‍ അവന്‍ നേരിട്ടത്. ആഭ്യന്തര തലത്തില്‍ നിന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തി. അവിടെയും വിസ്മയ ബാറ്റിങ്. 58പന്തില്‍ 100 റണ്‍െസടുത്തു. അങ്ങനെ പതിയെ ബിഹാറില്‍ നിന്ന് ദേശീയ തലത്തിലേക്ക്, ഐപിഎല്‍ താരലേലത്തില്‍ ഈ പയ്യനെ ടീമിലെടുക്കുമ്പോള്‍ പലരും അതിശയിച്ചു. ഒരുകോടി പത്തുലക്ഷം രൂപയ്ക്കാണ് റോയല്‍സ് പയ്യന്‍സിനെ കിറ്റിലാക്കിയത്. ചെലവാക്കിയ കാശിന് ചെക്കന്‍ നീതികാണിച്ചു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ 210റണ്‍സ് എന്ന സ്കോര്‍ മറികടക്കാന്‍ ഇറങ്ങുമ്പോള്‍ പയ്യന് ഭയം ഒട്ടുമുണ്ടായില്ല. പന്തിന്റെ ലെങ്ത് മനസിലാക്കി, ശരീരം ബാലന്‍സ് ചെയ്ത് അതിവേഗത്തില്‍ ബാറ്റുവീശിയപ്പോള്‍ പതിനൊന്ന് വട്ടം പന്ത് ആകാശത്തിലൂടെ പറന്നകന്നു. ഏഴു ബൗണ്ടറിയും നേടി. ആദ്യ അന്‍പതിലെത്താന്‍ 17 പന്ത്. ഈ സീസണിലെ അതിവേഗ അര്‍ധസെഞ്ചുറി. അടുത്ത പതിനെട്ട് പന്തില്‍ അടുത്ത അന്‍പത്. 35 പന്തില്‍ അതിവേഗ സെഞ്ചുറി. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി. ഇനി വൈഭവ കാലം.