vaibhav-sanju

വയറിനേറ്റ പരിക്കിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മല്‍സരം നഷ്ടമാകും. റിയാന്‍ പരാഗാണ് ടീമിനെ നയിക്കുന്നത്. സഞ്ജുവിന് പകരം 14 കാരന്‍ വൈഭവ് സൂര്യവംശി രാജസ്ഥാനായി കളിക്കുമെന്നാണ് സൂചന. 

ഇംപാക്ട് താരമായാണ് വൈഭവ് രാജസ്ഥാന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ബാറ്റിങ് സമയത്ത് താരം രാജസ്ഥാനായി കളിക്കാന്‍ ഇറങ്ങുമെന്ന് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് സൂചിപ്പിച്ചിരുന്നു. ടോസ് നേടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 14 വയസും 23 ദിവസവും പ്രായമുള്ള വൈഭവ് ഇതോടെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറും. 

ഐപിഎല്‍ ലേലത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്. 

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് എത്തിച്ചത്. 2024 സീസണില്‍ ബറോഡയ്ക്കെതിരെ ബിഹാറിന് വേണ്ടി 42 പന്തില്‍ 71 നേടിയ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അര്‍ധ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ചെന്നൈയല്‍ ഓസീസിനെതിരെ നടന്ന ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ചറിയോടെ ഇന്ത്യന്‍ താരത്തന്‍റെ വേഗതയേറിയ സെഞ്ചറിയും വൈഭവിന്‍റെ പേരിലാണ്. അണ്ടര്‍ 19 ഏഷ്യാകപ്പ് കളിച്ച താരം രണ്ട് അര്‍ധ സെഞ്ചറികളും നേടി.

ENGLISH SUMMARY:

Rajasthan Royals captain Sanju Samson miss the clash with Lucknow Super Giants due to an abdominal injury. Riyan Parag to lead; 14-year-old Vaibhav Suryavanshi likely to debut.