ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ലഖ്നൗവില്‍ നടക്കും. ധരംശാലയില്‍ വിജയിച്ച ഇന്ത്യയ്ക്ക് പരമ്പരയില്‍ 2-1 ന്‍റെ ലീഡുണ്ട്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നും ജയിച്ചാല്‍ ഇന്ത്യയ്ക്ക് കിരീടം ഉറപ്പിക്കാം. മൂന്നാം ഏകദിനത്തില്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണയാണ് കളിച്ചത്. കുല്‍ദീപ് യാദവ് തിരികെ എത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ പുറത്തിരുന്നു. ഇന്ന് എങ്ങനെയാകും ടീം എന്ന് നോക്കാം.
ധരംശാലയില്‍ നിന്നും സാഹചര്യങ്ങള്‍ മാറ്റമാണെന്നതിനാല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ടീം വിട്ട ജസപ്രീത് ബുംറ നാലാം ട്വന്‍റി 20യിലും കളിക്കില്ല. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ അധിക സ്പിന്നറെ കളിപ്പിച്ചാല്‍ അത്ഭുതപ്പെടാനില്ല. അക്സര്‍ പട്ടേല്‍ തിരികെ വരാനും ശിവം ദുബൈ പുറത്തിരിക്കാനുമാണ് സാധ്യത.
തുടര്‍ പരാജയങ്ങളില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തി സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണ്. ആദ്യ മത്സരത്തില്‍ നാലു റണ്‍സെടുത്ത ഗില്‍ രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ 28 റണ്‍സെടുത്തത് തിരിച്ചുവരാനുള്ള ശ്രമത്തിലായതിനാല്‍ വൈസ് ക്യാപ്റ്റന്‍ ടീമില്‍ തുടരാന്‍ തന്നെയാണ് സാധ്യത. കഴിഞ്ഞ നാലു ട്വന്‍റി 20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പറായത്.
സഞ്ജു സാംസണ്‍ ഇന്ന് ബാറ്റിങിനിറങ്ങിയാല്‍ മലയാളി താരത്തെ കാത്തൊരു റെക്കോര്‍ഡുണ്ട്. അഞ്ച് റണ്‍സ് കൂടി ചേര്‍ത്താല്‍ സഞ്ജു സാംസണ് രാജ്യാന്തര ട്വന്‍റി20യില്‍ 1,000 റണ്‍സ് തികയ്ക്കാം. 52 മത്സരങ്ങളില്‍ നിന്നാകും സഞ്ജു ഈ നേട്ടം സ്വന്തമാക്കുക. നിലവില്‍ 43 ഇന്നിങ്സുകളില്‍ നിന്നായി 995 റണ്‍സാണ് സഞ്ജുവിന്‍റെ പേരിലുള്ളത്. അഞ്ചു റൺസ് കൂടി നേടിയാൽ 1000 റൺസ് പൂർത്തിയാക്കുന്ന പതിനാലാമത്തെ താരമാവാനും സഞ്ജുവിന് സാധിക്കും. 2025 ല്‍ ബംഗ്ലാദേശിനെതിരെ നേടിയ 111 ആണ് ഉയര്‍ന്ന സ്കോര്‍. 25.11 ശരാശരിയുള്ള സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് 147.40 ആണ്.
ഇന്ത്യ സാധ്യത ടീം: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ.