ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ചേസിങില്‍ മികച്ചൊരു കൂട്ടുകെട്ടായിരുന്നു സഞ്ജു സാംസണും റിയാന്‍ പരാഗും ചേര്‍ന്നുണ്ടാക്കിയത്. 12 ന് രണ്ട് എന്ന നിലയില്‍ വീണ രാജസ്ഥാനായി നാലാം വിക്കറ്റില്‍ 48 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ അപ്രതീക്ഷതമായ പരാഗിന്‍റെ പുറത്താകല്‍ ഗുജറാത്ത് ടീമിന് മല്‍സരത്തില്‍ മേല്‍കൈ നല്‍കി.
കുൽവന്ത് ഖെജ്രോളിയ എറിഞ്ഞ ആറാം ഓവറിലെ നാലാം പന്തില്‍ ജോസ് ബട്ട്ലറുടെ ക്യാച്ചിലാണ് പരാഗ് പുറത്താകുന്നത്. പന്ത് ബാറ്റില്‍ തട്ടിയെന്ന നിഗമനത്തില്‍ അംപയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന ഉറപ്പില്‍ പരാഗ് ഡിആര്‍എസിന് പോയി. ബാറ്റിന് സമീപത്തൂടെ പന്ത് പോകുമ്പോള്‍ സ്പൈക് ഉണ്ടായതോടെ തേഡ് അംപയര്‍ ഔട്ട് ശരിവെയ്ക്കുകയായിരുന്നു. ബാറ്റ് ഗ്രൗണ്ടില്‍ തട്ടിയതിനാലാകാം സ്പൈക്ക് വന്നത് എന്നതാണ് പരാഗിന്‍റെ വിലയിരുത്തല്‍. ഇതോടെ നിരാശനായ പരാഗ് അപംയറുമായി തര്‍ക്കിച്ച ശേഷമാണ് ഗ്രൗണ്ട് വിട്ടത്.
പവര്‍പ്ലേയില്‍ രാജ്സ്ഥാന്‍റെ സ്കോറിങിന് വേഗം കൂട്ടാന്‍ പരാഗിന്‍റെ ഇന്നിങ്സ് സഹായിച്ചിട്ടുണ്ട്. മൂന്ന് സിക്സറും ഒരു ഫോറും സഹിതമാണ് പരാഗിന്‍റെ ഇന്നിങ്സ്. പരാഗിന്‍റേത് ഔട്ട് ആണോ അല്ലയോ എന്നതില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു തട്ടിലാണ്.
ബാറ്റില്‍ നിന്നും വന്ന സ്നികോമീറ്റര്‍ ശബ്ദം ഗ്രൗണ്ടില്‍ ഉരസിയതില്‍ നിന്നോ പന്തില്‍ തട്ടിയതില്‍ നിന്നാണോ എന്നാണ് ജോയ് ഭട്ടാചാര്യ എക്സില്‍ ചോദിച്ചത്. അംപയര്‍ എങ്ങനെയാണ് തീരുമാനം എടുത്തതെന്നും തുടരുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ മറ്റൊരു വഴി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാഗിന്‍റേത് നോട്ട്ഔട്ടാണെന്നും പന്തിന്‍റെ നിഴല്‍ ബാറ്റില്‍ കാണാമെന്നും ഹര്‍ഷ് ഗോയല്‍ എന്ന എക്സ് അക്കൗണ്ട് എഴുതി.
മല്‍സരത്തില്‍ 58 റണ്‍സിനാണ് രാജസ്ഥാൻ റോയൽസ് തോറ്റത്. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സെടുത്തു പുറത്തായി.