പരുക്കിൽനിന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളിൽനിന്നും തിരിച്ചുവരുന്ന ബയണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ഫുട്ബോള്‍ താരം ജമാൽ മുസിയാലയുടെ കരാറിനെച്ചൊല്ലി പരസ്യപ്രസ്താവനകൾ നടത്തിയ ബയൺ മ്യൂണിക്കിനെതിരെ, രൂക്ഷവിമർശനവുമായി ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ FIFPRO. മുസിയാലയുമായുള്ള കരാർ പുനഃപരിശോധിക്കാന്‍ സമ്മർദം ചെലുത്താനുള്ള ബോധപൂർവമായ നീക്കമാണ് ബയൺ നേതൃത്വത്തിന്റെ തുടർച്ചയായ പ്രസ്താവനകളെന്ന് FIFPRO ആരോപിച്ചു. പരുക്കോ മോശം ഫോമോ നിലവിലുള്ള കരാർ വ്യവസ്ഥകൾ പുനഃപരിശോധിക്കാനുള്ള ക്ലബ്ബിന്റെ ന്യായീകരണമാകില്ലെന്നും സംഘടന.

ബയണിന്റെ ഓണററി പ്രസിഡന്റ് ഉലി ഹോനസ്, നിലവിലെ ചീഫ് എക്സിക്യൂട്ടീവ് യാൻ ക്രിസ്റ്റ്യൻ ഡ്രെസൻ, ഉപദേശക സമിതി അംഗം കാൾ ഹെയ്ൻസ് റുമ്മെനിഗെ എന്നിവർ തുടർച്ചയായി മുസിയാലയുടെ കരാറിനെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതാണ് FIFPROയെ ചൊടിപ്പിച്ചത്. ഒരു കളിക്കാരന്റെ ഭാവിയും കരാറും സംബന്ധിച്ച ആശങ്കകൾ അദ്ദേഹത്തോടും പ്രതിനിധികളോടും സ്വകാര്യമായി ചർച്ച ചെയ്യുന്നതിന് പകരം പൊതുവേദിയിൽ ഉന്നയിക്കുന്നത് അനുചിതമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. 

രണ്ട് തവണ കുഴഞ്ഞുവീണു; ന്യൂറോളജിക്കൽ പ്രശ്നം- കഴിഞ്ഞ കുറച്ചുകാലമായി മുസിയാല കരിയറിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2025 ജൂലൈയിൽ ഫിഫ ക്ലബ് ലോകകപ്പിനിടെ പി.എസ്.ജിക്കെതിരായ മത്സരത്തിൽ ഗോൾകീപ്പർ ജിയാൻലൂയിജി ഡൊന്നരുമ്മയുമായുള്ള കൂട്ടിയിടിയിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കാലിന് ഒടിവും കണങ്കാലിന് പരിക്കുമേറ്റതോടെ മാസങ്ങളോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവന്നു. പ്രീ സീസണിനിടെ ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതവണ മൈതാനത്ത് കുഴഞ്ഞുവീണു. പിന്നീട് ന്യൂറോളജിക്കൽ പ്രവർത്തനത്തിലെ തകരാറിനെത്തുടർന്നുള്ള Absence Seizures ആണെന്ന് കണ്ടെത്തിയതായി മുസിയാല വെളിപ്പെടുത്തി. താൽക്കാലികമായി ബോധമോ പരിസരബോധമോ നഷ്ടപ്പെടുന്ന തരത്തിലുള്ള ഈ അവസ്ഥ ചികിത്സിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ സെപ്റ്റംബറിൽ ഹാംസ്ട്രിങ് പരിക്കും താരത്തെ അലട്ടി. നീണ്ട ഇടവേളയ്ക്കുശേഷം നവംബർ 20ന് കൊളോണിനെതിരായ ബയേണിന്റെ ബുണ്ടസ്‌ലിഗ മത്സരത്തിൽ പകരക്കാരനായാണ് മുസിയാല കളത്തിലിറങ്ങിയത്. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. സെപ്റ്റംബർ 18ന് യൂണിയൻ ബെർലിനെതിരായ 7-0 വിജയത്തിനുശേഷമുള്ള താരത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

മുസിയാലയുടെ തിരിച്ചുവരവും കരാറും സംബന്ധിച്ച ബയൺ നേതൃത്വത്തിന്റെ പ്രതികരണങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. പഴയ പ്രകടനനിലവാരത്തിലേക്ക് മുസിയാലയ്ക്ക് തിരിച്ചെത്താനാകുമോയെന്ന കാര്യത്തിൽ ബയണിന്റെ ഓണററി പ്രസിഡന്റ്  ഉലി ഹോനസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, പഴയ മുസിയാലയെ തിരിച്ചുകിട്ടിയില്ലെങ്കിൽ താരത്തിന്റെ കുടുംബവുമായും ഏജൻസിയുമായും കരാറിലെ സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച നടത്തേണ്ടിവരുമെന്നായിരുന്നു  റുമ്മെനിഗെയുടെ പ്രതികരണം. 2025 ഫെബ്രുവരിയിലാണ് മുസിയാല ബയണുമായി പുതിയ കരാറിൽ ഒപ്പുവെച്ചത്. 2030 വരെയാണ് നിലവിലെ കരാര്‍. ക്ലബ്ബിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് 23കാരനായ ജർമൻ താരം.

അതേസമയം, മുസിയാലയെ സമ്മർദത്തിലാക്കാനുള്ള ശ്രമമല്ല ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബയൺ സി.ഇ.ഒ ഡ്രെസൻ പ്രതികരിച്ചു. പഴയ മികവിലേക്ക് തിരിച്ചെത്താൻ താരത്തിന് സമയം നൽകണമെന്നും അടുത്ത വർഷം തുടക്കത്തിൽ അദ്ദേഹത്തിന്റെ പുരോഗതി വിലയിരുത്താമെന്നുമാണ് ഡ്രെസന്റെ നിലപാട്. കരാറിനെക്കുറിച്ച് തുടർച്ചയായി ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാർ സംരക്ഷിക്കപ്പെടണം: FIFPRO– ഒരു താരത്തിന്റെ പരിക്കോ ഫോമിലെ ഇടിവോ ക്ലബ്ബ് നേരത്തെ അംഗീകരിച്ച കരാർ വ്യവസ്ഥകൾ മാറ്റാനുള്ള കാരണമാകരുതെന്നാണ് FIFPROയുടെ നിലപാട്. അതുപോലെ, മികച്ച പ്രകടനങ്ങൾ നടത്തുന്നുവെന്ന കാരണത്താൽ മാത്രം ഒരു താരത്തിന് സ്വമേധയാ ശമ്പളവർധന ആവശ്യപ്പെടാനാവില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഫുട്ബോളിലെ കരാർ സ്ഥിരത താരങ്ങളെയും ക്ലബ്ബുകളെയും ഒരുപോലെ സംരക്ഷിക്കുന്ന അടിസ്ഥാന തത്വമാണെന്നും FIFA തലത്തിൽ ക്ലബ്ബുകളും ലീഗുകളും താരസംഘടനകളും ഇതിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും FIFPRO ഓർമിപ്പിച്ചു.

ENGLISH SUMMARY:

Jamal Musiala faces contract pressure from Bayern Munich, prompting a sharp rebuke from the global players' union FIFPRO regarding public remarks on his injury recovery. The ongoing dispute highlights tensions between club management and player representation over long-term financial commitments.