chelsea-waening-image

ടീമിന്റെ രഹസ്യവിവരങ്ങൾ പുറത്തുവിടരുതെന്ന് ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി.  ജാവോ പെട്രോയ്ക്ക് പരുക്ക് പറ്റിയെന്ന വിവരം ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പുറത്താകുന്നതിലാണ് ക്ലബ്ബിന്റെ ആശങ്ക.  

ഒക്ടോബർ 24ന് ടോട്ടൻഹാമിനെതിരായ മത്സരത്തിന് മുമ്പ് ചെൽസി താരം ജോവോ പെഡ്രോയ്ക്ക് പരിക്കേറ്റ വിവരം പുറത്തുവന്നിരുന്നു. എന്നാൽ ക്ലബ് ഔദ്യോഗികമായി ടീം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ താരത്തിന്റെ അഭാവം ചിലർക്ക് മനസ്സിലായെന്നാണ് റിപ്പോർട്ട്. ചെൽസി ജീവനക്കാരുമായും താരങ്ങളുമായും ബന്ധമുള്ളതെന്ന് കരുതപ്പെടുന്ന ചിലരുടെ ഫാന്റസി ടീം അക്കൗണ്ടുകളില്‍ നിന്ന് ജോവോ പെഡ്രോയെ ഒഴിവാക്കിയതാണ് സൂചനയായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ യഥാർഥ താരങ്ങളെ ഉൾപ്പെടുത്തി ആരാധകർക്ക് സ്വന്തം സാങ്കൽപ്പിക ടീമുണ്ടാക്കാൻ അവസരം നൽകുന്ന ഓൺലൈൻ ഗെയിമാണ് ഫാന്റസി പ്രീമിയർ ലീഗ്. യഥാർഥ മത്സരങ്ങളിൽ താരങ്ങൾ നടത്തുന്ന പ്രകടനത്തിനനുസരിച്ചാണ് ഈ ടീമുകൾക്ക് പോയിന്റ് ലഭിക്കുന്നത്. 

ഇതോടെയാണ് ചെൽസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ഫാന്റസി ടീമുകളിൽ നടത്തുന്ന മാറ്റങ്ങളിലൂടെ ക്ലബ്ബിന്റെ രഹസ്യവിവരങ്ങൾ അബദ്ധത്തിൽ പോലും പുറത്താകരുതെന്നാണ് ഇമെയിലിലൂടെ നൽകിയ നിർദേശം. ഏതായാലും ജീവനക്കാർക്ക് ഫാന്റസി പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ക്ലബ് ആലോചിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

ENGLISH SUMMARY:

English Premier League club Chelsea has issued a strict warning to its staff members regarding the leakage of confidential team information. The concern arose after forward Joao Pedro's injury ahead of the Tottenham match leaked online before official announcements due to changes made in Fantasy Premier League accounts. Internal investigations indicated that team news was inadvertently compromised through squad modifications made by individuals connected to the club's staff and players. While the club is not planning an outright ban on playing fantasy football, employees have been instructed to ensure team secrets are not exposed through online gaming platforms.