ഫുട്ബോളില്‍ അപ്രതീക്ഷിതമായാണ് എപ്പോഴും ജപ്പാന്‍റെ മുന്നേറ്റം. ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്കും അത്തരമൊരു നീക്കമുണ്ടാകുമോ എന്നാണ് ഇപ്പോഴത്തെ മല്‍സരം. അഴിമതിയാരോപണം അടക്കം നേരിടുന്ന ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്ക്കെതിരെ ജപ്പാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്‍റ് കോസോ തഷിമ മല്‍സരിക്കും. ഫിഫ കൗൺസിൽ അംഗം കൂടിയായ തഷിമ ഫിഫ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ജപ്പാന്‍കാരനാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
ഫിഫ പ്രസിഡന്‍റ് പദം വീണ്ടും ആഗ്രഹിക്കുന്ന ജിയാനി ഇൻഫന്‍റിനോയ്ക്കെതിരെ മത്സരിക്കുമെന്ന് ജപ്പാൻ ഫുട്ബോൾ അസോസിയേഷൻ ഓണററി പ്രസിഡന്‍റ് കോസോ തഷിമ. 68 കാരനായ മുൻ ജപ്പാൻ ഫുട്ബോള്‍ താരം 2015 മുതൽ FIFA കൗൺസിലിൽ അംഗമാണ്. ഇൻഫന്റിനോയെ പുറത്താക്കാനുള്ള തന്‍റെ സാധ്യത ഇപ്പോള്‍ 20 മുതല്‍ 30 ശതമാനത്തിന് ഇടയിലാണെന്നും അദ്ദേഹം വിലയിരുത്തി.
പ്രചാരണം തുടങ്ങുന്നതോടെ ഇത് അന്‍പതുശതമാനത്തിന് മുകളിലാകാം. എട്ട് രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും രാജ്യാന്തര വകുപ്പിലെ ഉദ്യോഗസ്ഥരും തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് ആറ് അസോസിയേഷനുകളിൽ നിന്ന് പിന്തുണ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ അഞ്ച് നാഷനൽ അസോസിയേഷനുകളിൽ നിന്നുള്ള നാമനിർദേശ പത്രികകൾ തഷിമയ്ക്ക് ആവശ്യമാണ്. മോറോക്കോയിലെ റബാത്തിൽ മാർച്ച് 18നാണ് വോട്ടെടുപ്പ്. 2016 ല്‍ ഫിഫ പ്രസിഡന്‍റായ ഇൻഫന്‍റിനോ ഇത് നാലാംതവണയാണ് മത്സരിക്കാനിറങ്ങുന്നത്.