ഫുട്ബോള്‍ മാന്ത്രികന് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവീരോയെന്ന ‘സിആർ 7’ ബൂട്ടഴിക്കുമ്പോള്‍ ഫുട്ബോള്‍ ആരാധകരെല്ലാം സങ്കടത്തിലാണ്. ദാരിദ്രത്തിന്റെ പടവുകള്‍ ചവിട്ടിക്കയറി സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത നാല്പ്പത്തിയൊന്നുകാരന് രാജ്യാന്തര കരിയർ അവസാനിപ്പിക്കുമ്പോൾ ലോക ഫുട്ബോളിലെ അനശ്വരമായ ഒരു അധ്യായം കൂടിയാണ് അടയ്ക്കപ്പെടുന്നുത്. ആരാധകരെ തീരാ ദുഃഖത്തിലേക്ക് തള്ളിവിടുന്നതാണ് വിരമിക്കല്‍ വാര്‍ത്ത. ഇപ്പോഴിതാ റോണാള്‍ഡോയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിക്കുകയാണ് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍.
'തോൽക്കാൻ തയാറാകാത്ത ഒരു മനുഷ്യന്റെ പര്യായമാണ് ഈ പേര്. അടി മുടി പോരാളിയായ മനുഷ്യൻ. ഫുട്ബോൾ കളിച്ച ഇതിഹാസതാരം എന്നതിനപ്പുറം ഫുട്ബോളിനെ പ്രണയിച്ച കാമുകനെന്ന് ഞാൻ വിളിക്കും. അദ്ദേഹത്തിന്റെ അർപ്പണമനോഭാവം, തന്റെ പ്രഫഷനോടു കാട്ടിയ അഭിനിവേശം, അതിനുവേണ്ടി നടത്തിയ കഠിനാധ്വാനം - ഇതെല്ലാം സമാനതകളില്ലാത്തതാണ്.'- മോഹന്‍ലാല്‍ പറയുന്നു.
പോർച്ചുഗീസ് ദേശീയ ടീമിൽ 23 വർഷം നീണ്ട തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചതായി കഴിഞ്ഞദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രഖ്യാപിച്ചത്. ഒരു യൂറോകപ്പും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. 234 മത്സരങ്ങളിൽനിന്നായി 146 ഗോളുകൾ പോർച്ചുഗലിനായി നേടിയ ക്രിസ്റ്റ്യാനോ, 5 ബലോൻ ദ് ഓർ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.