ronaldo-portugal

ഒടുവിൽ അയാള്‍ ആ ചുവപ്പും പച്ചയും കുപ്പായം അഴിച്ചുവെച്ചിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഒരു രാജ്യത്തെ ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ അധികായന്‍ കളമൊഴിഞ്ഞു. ആരാധാകരുടെ സി.ആര്‍.7 ഇനി പോർച്ചുഗല്‍ ജഴ്സിയില്‍ ഇല്ല. കളിക്കളത്തിന് അകത്തും പുറത്തും വിട്ടുവീഴ്ച്ചകളില്ലാത്താത്ത റൊണാൾഡോ യുഗം അവസാനിക്കുന്നു.

ദാരിദ്ര്യംകാരണം അമ്മ ഗർഭപാത്രത്തിൽവെച്ചുതന്നെ ഇല്ലാതാക്കാൻ ശ്രമിച്ച കുട്ടി. പിന്നീട് പ്രൊഫഷണൽ കളിക്കാരനാകാൻ ആഗ്രഹിച്ച കാലത്ത് ഹൃദ്രോഗബാധിതനാണെന്ന് ഡോക്ടർ കണ്ടെത്തി. ഫുട്‌ബോളിൽ നിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു നിര്‍ദേശം. പക്ഷേ, ക്രിസ്റ്റ്യായാനോ അന്നേ പോരാളായാണ്... സമരസപ്പെടലുകളില്ലാത്ത അഹങ്കാരി. 15-ാം വയസ്സിൽ ഹൃദയശസ്ത്രക്രിയക്ക് വിധേയമായി. ആ ഹൃദയവുമായി അയാള്‍ മൂന്ന് പതിറ്റാണ്ടോളം പുൽമൈതാനങ്ങളെ പുളകം കൊള്ളിച്ചു. പിതാവ് അമേരിക്കന്‍ പ്രസിഡന്‍റ് റൊണാൾഡ് റീഗന്‍റെ കടുത്ത ആരാധകനായിരുന്നു. അങ്ങനെ റൊണാൾഡോയ്ക്ക് ആ പേര് ലഭിച്ചു. കുഞ്ഞു റോണോയെ ഫുട്ബോളിലേക്ക് അടുപ്പിച്ചതും പിതാവ് തന്നെ. 12-ാം വയസ്സിലാണ് പോർച്ചുഗലിലെ പ്രശസ്ത ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിലെത്തുന്നത്. അങ്ങനെ റോണോ മെദീരയോട് വിടപറഞ്ഞു.

2003ല്‍ കസഖ്സ്താനെതിരെ 18-ാം വയസ്സിൽ റൂയി കോസ്റ്റയുടെ പകരക്കാരനായി ഇറങ്ങിയ മദീരക്കാരൻ ചരിത്രം തിരുത്തിക്കുറിച്ചു. അന്താരാഷ്ട്ര കിരീടങ്ങളൊന്നും ഇല്ലാതിരുന്ന പോർച്ചുഗലിന് 2016-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് നേഷൻസ് ലീഗ് കിരീടങ്ങളും റോണോ നേടിക്കൊടുത്തു. പോർച്ചുഗലിനായി 234 മത്സരങ്ങളിൽ 146 ഗോളുകൾ. കഴിഞ്ഞ വർഷം പോർച്ചുഗൽ നേഷൻസ് ലീഗ് കപ്പെടുക്കുമ്പോൾ റൊണാൾഡോക്ക് പ്രായം 40 വയസ്. ഒൻപതു കളികളിൽ എട്ടു ഗോൾ നേടി സി.ആര്‍.7.

കോടിക്കണക്കിന് മനുഷ്യരുടെ ഐഡലായ റൊണാള്‍ഡോ ജീവിതത്തില്‍ ഒരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകാറില്ല. അച്ചടക്കവും കഠിനാധ്വാനവുമാണ് റൊണാൾഡോ ലൈഫ് സ്റ്റൈല്‍. ടാറ്റുവോ മറ്റ് അലങ്കാരങ്ങളോ ശരീരത്തില്‍ ചെയ്യില്ല. കോളയോ കാർബണേറ്റഡ് ഉല്‍പ്പന്നങ്ങളോ കുടിക്കാറില്ല. മധുരത്തിനും മദ്യപാനത്തിനും നോ. സ്ഥിരമായി രക്തം ദാനംചെയ്യം. ഒരുപാട് കുട്ടികളുടെ പഠനച്ചെലവ്... അനേകായിരം രോഗികളുടെ ചികിത്സാച്ചെലവ്. ആര്‍ക്കും റോള്‍ മോഡലാക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ് ക്രിസ്റ്റ്യായാനോ. 

എത്ര മല്‍സരങ്ങള്‍ തോറ്റാലും വീണ്ടും പൊരുതിക്കയറുന്ന റോണോ സ്റ്റൈലാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശം. ലോകഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള റെക്കോഡുകൾ ആ കരുത്തില്‍ വെട്ടിപ്പിടിച്ചതാണ്. പോർച്ചുഗലിനായി ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ലീഗ് കിരീടങ്ങൾ. അഞ്ച് ചാമ്പ്യൻസ് ലീഗു ട്രോഫികൾ. അഞ്ചു തവണ ബാലൻഡോർ കിരീടം. സ്പോർട്ടിങ് ലിസ്ബൺ, റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്‍റസ്... ഒടുവില്‍ അൽ നസര്‍. ആയിരം കരിയർ ഗോളുകൾ എന്ന അത്യപൂർവ്വ നേട്ടത്തിന് ഇനി ഏതാനും ഗോളുകളുടെ ദൂരം മാത്രം. അൽ നസറിനൊപ്പം അത് കൈവരിക്കാന്‍ ക്രിസ്റ്റ്യായാനോ തുടരും. ആ ഏഴാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശികളുണ്ടാകും പക്ഷേ സി.ആര്‍.7 ബ്രാന്‍റ് ഫുഡ്ബോള്‍ ഉള്ളിടത്തോളം കാലം ആളുകളെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കും. Farewell Legend... The Greatest of All Time. 

ENGLISH SUMMARY:

Cristiano Ronaldo retirement marks the end of an iconic era for Portuguese football and global sports. The legendary forward leaves behind an unmatched legacy of records, resilience, and inspiration.