ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിടവാങ്ങല്‍ മല്‍സരം കളിക്കുമോ? പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെ‍‍ഡറേഷന്‍റെ വാഗ്ദാനത്തോട് താരം സമ്മതം മൂളിയിട്ടില്ലെന്നാണ് അറിയുന്നത്. നിലവിലെ കോച്ചിനൊപ്പം ‌കളിക്കാന്‍ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ റൊണാള്‍ഡോയുമായുള്ള തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ കോച്ച് ഹോര്‍ഹെ ജിസ്യൂസ് അസ്വസ്ഥനായി.   

പോര്‍ച്ചുഗല്‍ വിടവാങ്ങല്‍ മല്‍സരം നടത്തിയാലും ഇല്ലെങ്കിലും ആരാധകരുടെ മനസിലാണ് വിടവാങ്ങല്‍ മല്‍സരം. തോല്‍വിയുടെ പടുകുഴിയില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുകയറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുകള്‍ വീണുപോയവര്‍ക്കുള്ള ഉയിര്‍പ്പായിരുന്നു. പോര്‍ച്ചുഗല്‍ ഫുട്ബോളിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്ത എല്ലാകാര്യങ്ങള്‍ക്കും നന്ദി പറയാന്‍ ഒരു ആദരവും മതിയാകില്ല. ആദരിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടതുമാണ് CR 7ന്‍റെ 23വര്‍ഷത്തെ രാജ്യാന്തര കരിയര്‍. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെ‍ഡറേഷന്‍ വിടവാങ്ങല്‍ മല്‍സരം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് എപ്പോള്‍ എവിടെവച്ച് എന്നതില്‍ തീരുമാനം ആയിട്ടില്ല. അതിന് കാരണം വിരമിച്ച താരത്തിന്‍റെ കൂടി സമ്മതത്തോടെ മാത്രമേ വിടവാങ്ങല്‍ മല്‍സരം നടത്താനാകൂ എന്നതാണ്. ഫെ‍ഡറേഷന്‍റെ തീരുമാനത്തോട് റൊണാള്‍ഡോ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 

നിലവിലെ കോച്ച് ജീസസിന്‍റെ കീഴില്‍ കളിക്കാന്‍ റൊണാള്‍ഡോ ആഗ്രഹിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് വിവരം. രാജ്യാന്തര കരിയര്‍ തുടങ്ങുമ്പോള്‍ പോര്‍ച്ചുഗല്‍ ടീമിന്‍റെ പരിശീലകനായിരുന്ന സ്കൊളാരിയെ എത്തിച്ച വിടവാങ്ങല്‍ മല്‍സരം നടത്താനും ഫെ‍ഡ‍റേഷന്‍ ആഗ്രഹിക്കുന്നുണ്ട്.  അരങ്ങേറ്റ മല്‍സരത്തിന് ജഴ്സി കൈമാറിയ സ്കൊളാരി എത്തിയാല്‍ ഒരുപക്ഷെ റൊണാള്‍ഡോ സമ്മതിച്ചേക്കുമെന്നാണറിയുന്നത്. അതേസമയം നിലവിലെ കോച്ച് ജീസസിനോട് റൊണാള്‍‌‍ഡോയുമായുള്ള തര്‍ക്കത്തെകുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. തന്‍റെ എല്ലാ തീരുമാനങ്ങളും ടീമിനെ മുൻനിർത്തിയാണെന്ന് ജീസസ് പറഞ്ഞു. എക്കാലത്തെയും മഹത്തായ പോരാട്ടവീര്യത്തിന്‍റെ പര്യായമായ ക്രിസ്റ്റ്യാനോയ്ക്ക് ആദരം നല്‍കാന്‍ എന്തുവിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും നടത്തണമെന്ന നിലപാടിലാണ് സര്‍ക്കാരും ഫെഡറേഷനും. 

Cristiano Ronaldo retirement match uncertainty continues due to his alleged reluctance to play under the current Portugal coach. :