ജൂലിയൻ ആൽവാരസിന്റെ ട്രാൻസ്ഫർ വിവാദത്തില്‍ ബാര്‍സിലോനയ്ക്ക് പിഴവിധിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്. 602 യൂറോയാണ് പിഴ. ശിക്ഷാനടപടിക്കെതിരെ ബാര്‍സ അപ്പീല്‍ നല്‍കും.
ജൂലിയന്‍ അല്‍വാരസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് അത്ലറ്റിക്കോ മാഡ്രിഡ് നൽകിയ പരാതിയിലാണ് ബാര്സിലോനയ്ക്കെതിരായ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. കരാറിൽ തുടരുന്ന ഒരു താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് നിലവിലെ ക്ലബ്ബിനെ രേഖാമൂലം അറിയിക്കണമെന്നാണ് ചട്ടം. ഈ നടപടിക്രമം ബാര്‍സ പാലിച്ചില്ലെന്നായിരുന്നു അത്ലറ്റിക്കോ മഡ്രിഡിന്റെ പരാതി. ഫെഡറേഷന്റെ ആർട്ടിക്കിൾ 133 പ്രകാരമാണ് ഏകദേശം 63,745 രൂപ പിഴ ചുമത്തിയത്.
ഉത്തരവുകൾ, നിർദേശങ്ങൾ, കരാറുകൾ, ചട്ടപ്രകാരമുള്ള ബാധ്യതകൾ എന്നിവ പാലിക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട വകുപ്പാണിത്. 2024-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ജൂലിയൻ ആൽവാരസ് അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. 2030 ജൂൺ വരെയാണ് കരാര്‍. ബാര്‍സയ്ക്കെതിരെ പരാതിയുമായി അത്ലറ്റിക്കോ ഫിഫയെയും സമീപിച്ചിരുന്നു. എന്നാൽ, കേസിൽ ഇടപെടാൻ അധികാരമില്ലെന്ന നിലപാടാണ് ഫിഫ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ആൽവാരസും അത്ലറ്റിക്കോ ആരാധകരും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചു. സീസണിലെ ആദ്യമല്‍സരത്തിനിറങ്ങിയ അല്വാസരസിനെ ഒരുവിഭാഗം ആരാധകര്‍ കൂവിവിളിച്ചിരുന്നു. കളിക്കളത്തിലെ പ്രകടനങ്ങളിലൂടെ ആരാധകരുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജൂലിയന്‍ അല്‍വാരസ്.