quevin-castro

Image: X

TOPICS COVERED

വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിന്റെ മുൻ താരവും പോർച്ചുഗീസ് മിഡ്ഫീൽഡറുമായ കെവിൻ കാസ്ട്രോ (25) അന്തരിച്ചു. ശനിയാഴ്ച ലിസ്ബണിൽ നടന്ന സൗഹൃദ മത്സരത്തിനിടയിൽ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ലിസ്ബൺ ഫുട്ബോൾ അസോസിയേഷനും അദ്ദേഹത്തിന്റെ ക്ലബ്ബായ റിയൽ എസ്.സിയും താരത്തിന്‍റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മാൽവെയ്റയിലെ എസ്റ്റാഡിയോ ദാസ് സീഹാസിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം. പോർച്ചുഗീസ് ക്ലബ്ബായ റിയൽ സ്പോർട് ക്ലബും എസ്ട്രേല ഡ അമാഡോറയുമാണ് സന്നാഹ മത്സരത്തില്‍ ഏറ്റുമുട്ടിയത്. റിയല്‍ എസ്‌സിക്കുവേണ്ടി കളിച്ച താരം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തുടർന്ന് മത്സരം മാറ്റിവെക്കുകയും ചെയ്തു. 

സംഭവത്തിൽ ലിസ്ബൺ ഫുട്ബോൾ അസോസിയേഷനും വിവിധ ക്ലബ്ബുകളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോർച്ചുഗലിൽ ജനിച്ചെങ്കിലും നോർഫോക്കിലെ തെറ്റ്‌ഫോർഡിൽ വളർന്ന കാസ്ട്രോയുടെ ആദ്യകാല കരിയർ ആരംഭിക്കുന്നത് തെറ്റ്‌ഫോർഡ് ടൗൺ എഫ്.സിയില്‍ നിന്നാണ്. ഫുട്ബോൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സർവ്വസ്വവുമെന്ന് തെറ്റ്‌ഫോർഡ് ടൗൺ ചെയർമാൻ നിഗൽ ആംസ് അനുശോചിച്ചു. കഴിഞ്ഞ വെസ്റ്റ് ബ്രോം - ബേൺലി ചാംപ്യൻഷിപ്പ് മത്സരത്തിൽ കാസ്ട്രോയുടെ സ്മരണയില്‍ കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കുകയും മൗനം ആചരിക്കുകയും ചെയ്തിരുന്നു. ഫുട്ബോൾ ലോകത്തെ ഒട്ടനവധി പ്രമുഖരും ആരാധകരും താരത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

2021-ൽ വെസ്റ്റ് ബ്രോം അക്കാദമിയിൽ ചേർന്ന കാസ്ട്രോ, ആഴ്സനലിനെതിരെയുള്ള ലീഗ് കപ്പ് (കാരാബാവോ കപ്പ്) മത്സരത്തിലൂടെയാണ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2022 ഫെബ്രുവരിയിൽ ഇംഗ്ലീഷ് എഫ്.എൽ ചാംപ്യൻഷിപ്പിലും താരം സാന്നിധ്യമറിയിച്ചു. തുടർന്ന് ബർട്ടൺ അൽബിയോൺ, നോട്ട്സ് കൗണ്ടി, ഗേറ്റ്‌സ്ഹെഡ് തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകളിലും കളിച്ചു. 2023 കോടക്കാലത്ത് വെസ്റ്റ് ബ്രോം വിട്ട അദ്ദേഹം, കഴിഞ്ഞ ജൂണിലാണ് സ്വന്തം നാടായ പോർച്ചുഗലിലേക്ക് മടങ്ങി റിയൽ എസ്.സി ക്ലബ്ബിൽ ചേർന്നത്.

ENGLISH SUMMARY:

Former West Bromwich Albion midfielder Kevin Castro tragically passed away at the age of 25 after collapsing on the pitch during a friendly match in Lisbon. The Lisbon Football Association and his current club, Real SC, officially confirmed the heartbreaking news following unsuccessful attempts to revive him. Castro began his early career at Thetford Town before joining the West Brom academy in 2021 and making his senior debut against Arsenal. Tributes have poured in from across the football community, with players honoring his memory during recent championship fixtures.