ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയ ജംഷഡ്പുര്‍ എഫ്.സിയുടെ ഉടമസ്ഥാവകാശം ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്സ് സ്പോര്‍ട് ക്ലബ് സ്വന്തമാക്കുന്നു. ഉടമകളായ ടാറ്റ സ്റ്റീലുമായി ചര്‍ച്ചില്‍ ബ്രദേഴ്സ് കരാറിലെത്തി. ജംഷഡ്പുർ ഫുട്‌ബോൾ ആൻഡ് സ്‌പോർട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും കേവലം 100 രൂപയുടെ ടോക്കൺ അഡ്വാൻസ് തുകയ്ക്കാണ് ചർച്ചിൽ ബ്രദേഴ്‌സിന് കൈമാറുന്നത്.
'ശ്രീശാന്തിനെ റൂം മേറ്റായി കിട്ടാന്‍ ആഗ്രഹിക്കുന്നു, ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും'
കമ്പനിയില്‍ ടാറ്റ സ്റ്റീലിന് 4.08 കോടി ഓഹരികളുണ്ട്. ചര്‍ച്ചില്‍ ബ്രദേഴ്സുമായി കാരാറിലെത്തിയെങ്കിലും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ നിബന്ധനകള്‍ക്ക് വിധേയമായാകും ഇടപാട് പൂര്‍ത്തിയാകുക. ജംഷഡ്പുര്‍ എഫ്.സിയുടെ ഐഎസ്എല്‍ സ്പോര്‍ടിങ് ലൈസന്‍സ് ചര്‍ച്ചില്‍ ബ്രദേഴ്സിന് ലഭിക്കും. 12 കളിക്കാരും രണ്ടു കോച്ചുമാരെയും സെപ്റ്റംബര്‍ മുതല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിലെത്തും. നാലു പതിറ്റാണ്ടായി ഇന്ത്യന്‍ ഫുട്ബോളിലുള്ള ഗോവന്‍ ക്ലബ് രണ്ടു തവണ ഐലീഗ് ചാംപ്യന്മാരായിട്ടുണ്ട്.
ഇന്നു ചേര്‍ന്ന ടാറ്റ സ്റ്റീലിന്റെ കമ്മിറ്റി ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് ഓഹരികൾ കൈമാറാൻ അനുമതി നൽകിയത്. എഐഎഫ്എഫിന്‍റെ അനുമതിയോടെ ഓഗസ്റ്റ് 31 നകം കരാര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-27 ലെ ഐഎസ്എല്‍ സീസണില്‍ മല്‍സരിക്കില്ലെന്ന ജംഷ്ഡ്പൂര്‍ എഫ്സിയുടെ തീരുമാനത്തിന് പിന്നാലെയാണ് പുതിയ കരാറെത്തുന്നത്. ഇതോടെ 2026-27സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഐഎസ്എല്‍ കളിക്കും.
'ഗോൾ മെഷീൻ' റൊണാൾഡോയ്ക്ക് 25-ാം ക്ലബ് സീസൺ; ലക്ഷ്യം 1000 ഗോളുകൾ
ഐഎസ്എല്ലിന്‍റെ പങ്കാളിത്ത ഫീസായ 55 ലക്ഷം രൂപ നൽകേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചതോടെയാണ് ജംഷഡ്പുര്‍ എഫ്.സി പ്രവർത്തനം അവസാനിപ്പിച്ചത്. 2017-18 സീസണില്‍ ഐഎസ്എല്ലിലെത്തിയ ടീം 2021-22 സീസണില്‍ ഐഎസ്എല്‍ ലീഗ് ഷീല്‍ഡ് നേടിയിരുന്നു. 2024-25 സീസണില്‍ ഐ-ലീഗിൽ കിരീടം നേടിയ ചര്‍ച്ചില്‍ ബ്രദേഴ്സിന് പോയിന്റ് തർക്കത്തിൽ വിധി തിരിച്ചടിയായതിനെ തുടര്‍ന്ന് ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരുന്നില്ല.