harbhajan-singh-sreesanth

TOPICS COVERED

2008 ലെ വിവാദമായ ‘സ്ലാപ്ഗേറ്റ്’ സംഭവത്തിന് വർഷങ്ങൾക്ക് ശേഷം സമവായ നീക്കവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. താനും എസ്.ശ്രീശാന്തും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും ശ്രീശാന്ത് തന്‍റെ റൂംമേറ്റാകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ ഹർഭജൻ വ്യക്തമാക്കി.  

2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള ഐപിഎൽ മത്സരത്തിന് പിന്നാലെയാണ് കുപ്രസിദ്ധമായ ‘സ്ലാപ്ഗേറ്റ്’ സംഭവം നടക്കുന്നത്. മത്സരത്തിന് ശേഷമുള്ള ഹസ്തദാനത്തിനിടെ ഹർഭജൻ മർദിച്ചതിനെത്തുടർന്ന് ശ്രീശാന്ത് കണ്ണീരൊഴുക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. തുടർന്ന് ഹർഭജനെ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിലക്കുകയും താരത്തിന്‍റെ മുഴുവൻ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു.  

2024ൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഈ സംഭവത്തിന്‍റെ എച്ച്ഡി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വിഷയം വീണ്ടും സജീവ ചർച്ചയായി. ഇതിനിടെ, പഴയ കാര്യങ്ങൾ ഓർമിപ്പിക്കുന്ന രീതിയിൽ ഹർഭജൻ ഒരു പരസ്യത്തിൽ അഭിനയിച്ചതോടെ കാര്യങ്ങൾ വീണ്ടും വഷളായി. വിവാദമായ സംഭവം കച്ചവടമാക്കി ഹർഭജൻ വീണ്ടും ലാഭമുണ്ടാക്കിയതായി ശ്രീശാന്ത് പരസ്യമായി ആരോപിക്കുകയും ചെയ്തു. പരസ്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് വ്യക്തമാക്കിയ ശ്രീശാന്ത്, മറ്റൊരു അഭിമുഖത്തിനിടെ ബോക്സിങ് ഗിയർ ധരിച്ചു നിൽക്കുന്ന പഴയ ചിത്രം കണ്ടതിനെത്തുടർന്ന് ഹർഭജനെ നേരിട്ട് വെല്ലുവിളിച്ചിരുന്നു. ബോക്സിങ് റിങ്ങിൽ വച്ച് കാര്യങ്ങൾ തീർക്കാൻ താൻ തയാറാണെന്നും ഇത് അഭിനയമല്ലെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.  

ശ്രീശാന്തിന്‍റെ കടുത്ത വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ കാര്യങ്ങൾ പരിഹരിക്കാൻ തയാറാണെന്നുള്ള ഹർഭജന്‍റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ ഭിന്നതയ്ക്ക് ഇതുവഴി പരിഹാരമാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

Former Indian cricketer Harbhajan Singh has expressed a willingness to share a room with S. Sreesanth to resolve their long-standing feud. The gesture comes years after the infamous 2008 IPL "slapgate" incident where Harbhajan slapped Sreesanth after a match. Recently, tensions reignited when HD footage of the incident surfaced and Harbhajan featured in a commercial referencing it, prompting a fierce boxing challenge from Sreesanth. The cricket world is now closely watching whether Harbhajan's latest reconciliation offer will finally bridge the gap between the two former teammates.