ലോകകപ്പിന്‍റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോയുടെ വിവാദ പദ്ധതി ഉപേക്ഷിച്ചതോടെ ഫിഫയിൽ പ്രതിസന്ധി രൂക്ഷം. പദ്ധതിയിൽ തനിക്ക് പങ്കില്ലെന്ന് ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്‍റ് മേധാവി ആഴ്സൻ വെങ്ങർ വ്യക്തമാക്കിയപ്പോൾ, ഇൻഫന്‍റീനോയെ പുറത്താക്കാൻ മേഖലാ കോൺഫെഡറേഷനുകൾ ഒന്നിച്ചതായിട്ടാണ് റിപ്പോർട്ട്.  

 

സുതാര്യതയോടെ ഫുട്ബോളിനെ സേവിക്കുന്ന ഫിഫയിൽ താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നാണ് ഫുട്ബോൾ നിയമനിർമാണ സമിതിയായ ഐഎഫ്എബിയുടെ സാങ്കേതിക ഉപദേഷ്ടാവായ ആഴ്സന്‍ വെങ്ങര്‍ പറഞ്ഞത്.  പദ്ധതി പിൻവലിക്കാനുള്ള തീരുമാനം അനിവാര്യമായിരുന്നുവെന്നും വെങ്ങർ പ്രസ്താവനയിൽ പറഞ്ഞു . 

അതേസമയം ഇൻഫാന്‍റീനോയെ പുറത്താക്കാൻ മൂന്ന് മേഖലാ കോൺഫെഡറേഷനുകൾ ഒന്നിച്ചതായി റിപ്പോർട്ടുണ്ട്. ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ ഉൾപ്പെടെ അഞ്ച് യൂറോപ്യൻ ദേശീയ അസോസിയേഷനുകൾ ഇന്‍ഫന്‍റീനയക്കുള്ള പിന്തുണ പിന്‍വലിച്ചു. ഡെന്മാർക്കും വോട്ടുചെയ്യില്ലെന്ന് വ്യക്തമാക്കി. 211 അസോസിയേഷനുകളില്‍ യുവേഫയും കോണ്‍കാകാഫും പിന്തുണക്കില്ലെന്ന് ഇതിനകം നിലപാടെടുത്തിട്ടുണ്ട്. 

ഇന്‍ഫാന്‍റീനോ സ്ഥാനമൊഴിയാൻ വിസമ്മതിച്ചാൽ ഫിഫയുടെ പ്രവർത്തനം സ്തംഭിപ്പിക്കാനും സ്വന്തമായി മത്സരങ്ങൾ തുടങ്ങാനും യുവേഫ, കോൺകാകാഫ്, എഎഫ്‌സി എന്നിവർ തീരുമാനിച്ചതായിട്ടാണ് അറിയുന്നത്. ഇൻഫാന്‍റീനോയുടെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കാൻ ആവശ്യപ്പെട്ട് ഫിഫയ്ക്ക് 'ഡോക്യുമെന്‍റ് പ്രിസർവേഷൻ ലെറ്റർ' അയച്ചതായി യുവേഫ സ്ഥിരീകരിച്ചു.  

 യൂറോപ്പിലെ സമ്പന്ന അസോസിയേഷനുകളെയും ഫിഫ ഫണ്ടിനെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളെയും ഒരുപോലെ ആകർഷിക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥിയെ നവംബർ 18-നകം ഇൻഫാന്‍റീനോയുടെ എതിരാളികൾക്ക് കണ്ടെത്തേണ്ടിവരും. 43 ഓ അതിലധികമോ അംഗ അസോസിയേഷനുകൾ ഔദ്യോഗികമായി രേഖാമൂലം ആവശ്യപ്പെട്ടാൽ വിളിച്ചുചേർക്കേണ്ടി വരുന്ന ഒരു അസാധാരണ കോൺഗ്രസ് ഒഴിവാക്കുക എന്നതാണ് ഇൻഫാന്‍റീനോയുടെ ലക്ഷ്യം. , മാർച്ചിൽ മൊറോക്കോയിലാണ് അടുത്ത പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള ഫിഫ കോണ്‍ഗ്രസ്.  അതേസമയം  അധികാരത്തിൽ തുടരാൻ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രപിന്‍റെ സഹായം തേടിയെന്ന റിപ്പോർട്ട് 'കെട്ടുകഥ'യെന്ന് ഇന്‍ഫാന്‍റീനയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 

ENGLISH SUMMARY:

FIFA crisis deepens as President Gianni Infantino's controversial plan to sell World Cup shares to private investors is abandoned. Arsene Wenger has distanced himself from the plan, and regional confederations are reportedly uniting to oust Infantino, highlighting significant turmoil within the organization.