വിമർശനങ്ങളിൽ ഒറ്റപ്പെട്ട ഫിഫ പ്രസിഡന്‍റ്  ജിയാനി ഇൻഫന്റിനോ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ്  ട്രംപിന്‍റെ സഹായം തേടി. ലോകകപ്പ് ഉള്‍പ്പടെ വന്‍കിട മല്‍സരങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ഇന്‍ഫന്‍റിനോയുടെ രാജിക്കായി സമ്മര്‍ദ്ദമേറുകയാണ്. അതിനിടെ യുവേഫ ഇന്‍ഫന്‍റിനോയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. 

ഫിഫ പ്രസിഡന്‍റ് സ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ അവസാന അത്താണിയെന്ന നിലയിലാണ് ജിയാനി ഇൻഫന്റിനോ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ്  ട്രംപില്‍ അഭയം തേടിയത്. ലോകകപ്പ് നടത്തിപ്പിന്‍റെ സ്വകാര്യവല്‍ക്കരണ നീക്കം പരാജയപ്പെട്ടതു മുതൽ ട്രംപിനെ ഫോണിൽ ബന്ധപ്പെടാൻ ഇൻഫാന്റിനോ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇൻഫാന്റിനോ സ്വകാര്യ ചർച്ചകൾക്ക് സമയം നിശ്ചയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഇന്‍ഫന്‍റിനോയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ വ്യക്തമാക്കി. നിർണായക തെളിവുകൾ നശിപ്പിക്കരുതെന്നും യുവേഫ കത്ത് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇലക്ട്രോണിക് സന്ദേശങ്ങളും രേഖകളും സൂക്ഷിക്കേണ്ട 18 ഫിഫ എക്സിക്യൂട്ടീവുകളുടെ പേരുകളും കത്തിൽ പറയുന്നു. ട്രംപിന്‍റെ മരുമകന്‍റെ ബന്ധു ജോഷ്വ കുഷ്നറുടെ സ്ഥാപനത്തിൽ നിന്നടക്കം 420 കോടി ഡോളർ സമാഹരിക്കാനുള്ള ഇൻഫാന്റിനോയുടെ രഹസ്യനീക്കം പുറത്തുവന്നത് ആഗോളതലത്തിൽ വൻ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ്  പദ്ധതിയിൽനിന്ന് ഫിഫ പിന്മാറിയത്.

ENGLISH SUMMARY:

FIFA President Gianni Infantino has sought help from US President Donald Trump amidst criticism and pressure to resign. This comes after his plan to privatize major tournaments like the World Cup failed, leading to potential legal action from UEFA.