വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ വാർത്താ ഏജൻസികളെയാണ് വൈറ്റ് ഹൗസിൽ ബാൻ ചെയ്തത്. കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഈ മാധ്യമ വിലക്ക്. വ്യാജവാർത്തകൾ കൊടുക്കുന്ന മറ്റു മാധ്യമങ്ങൾക്ക് ഇതൊരു പാഠമായിരിക്കണമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിരോധനം പ്രാബല്യത്തിൽ വന്നതായി ട്രംപ് അറിയിച്ചത്. 

പ്രസിഡന്റിനെയോ ഭരണകൂടത്തെയോ അമേരിക്കൻ ഐക്യനാടുകളെയോ കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഇല്ലാക്കഥകളോ നുണകളോ എഴുതാൻ പാടില്ലെന്നും ഇനിയും ഇത്തരം പ്രവർത്തികൾ തുടർന്നാൽ മറ്റ് മാധ്യമങ്ങളും ഇത്തരം വിലക്ക് നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കാഴ്ചക്കാരില്ലാത്തതിനാലും വിശ്വാസ്യത നഷ്ടപ്പെട്ടതിനാലുമാണ് എംഎസ്എൻബിസി അടുത്തിടെ എംഎസ് നൗ എന്ന് പേരുമാറ്റിയതെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യത്ത് സത്യസന്ധവുമായ വാർത്തകൾ ആയിരിക്കണം പ്രചരിപ്പിക്കേണ്ടതെന്നും അതിന് നീതിയുക്തമായ മാധ്യമ പ്രവർത്തനം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. താൻ വിലക്കിയ മാധ്യമങ്ങളെല്ലാം വ്യാജമായ റിപ്പോർട്ടിങ് ആണ് നടത്തുന്നതെന്നും അത്തരം ഏകപക്ഷീയമായ കാര്യങ്ങൾ താൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം ട്രംപിന്‍റെ ഈ നടപടിക്കെതിരെ സിഎൻഎൻ രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും നിയമപരമായി നേരിടുമെന്നും സിഎൻഎൻ പ്രസ്താവനയിലൂടെ അറിയിച്ചു. ട്രംപിന്‍റെ നടപടിക്കെതിരെ ലോകവ്യാപകമായി വിമർശങ്ങൾ ഉയരുന്നുണ്ട്.  

എന്നാൽ ഇത് ആദ്യമായല്ല ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തുന്നത്. തനിക്കെതിരെ റിപ്പോർട്ട് ചെയ്യുന്നു എന്നപേരിൽ മുൻപും വാർത്ത ഏജൻസികളും മാധ്യമപ്രവർത്തകരെയും ട്രംപ് വിമർശിച്ചിരുന്നു. ട്രംപിന്റെ ആദ്യ ടേമിൽ സിഎൻഎൻ റിപ്പോർട്ടർക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിയന്ത്രിച്ചിരുന്നു. 

ENGLISH SUMMARY:

Trump White House ban on select news agencies like CNN, Politico, and MS Now has sparked global debate on media freedom. The administration cited the spread of 'fake news' and lies as the reason for this unprecedented restriction.