ജര്‍മന്‍ ഫുട്ബോള്‍ ടീം പരിശീലകനായി യോര്‍ഗന്‍ ക്ലോപ്പ്. നാലുവർഷത്തെ കരാറിൽ ഒപ്പുവച്ചു.  മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് ക്ലോപ്പ് സ്ഥാനമേറ്റത്.  ജര്‍മന്‍ ഫുട്ബോളിന്റെ ഭാവി ഇനി യോര്‍ഗന്‍ ക്ലോപ്പിന്റെ കൈകളില്‍. വെല്ലുവിളികളോടെയാണ് ക്ലോപ്പ് ആദ്യ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കിയത്.  കുടുംബത്തിന്റെ സ്വകാര്യതയെ മാധ്യമങ്ങൾ മാനിച്ചില്ലെങ്കിൽ സ്ഥാനമൊഴിയുമെന്ന് ക്ലോപ്പിന്റെ മുന്നറിയിപ്പ്. എപ്പോഴെങ്കിലും ഞാൻ ഈ സ്ഥാനത്തുനിന്ന് പോകണമെന്ന് നിങ്ങൾക്കെല്ലാവർക്കും തോന്നിയാൽ, ഞാൻ പടിയിറങ്ങും. ഒന്നോ രണ്ടോ പേർക്കു തോന്നിയാൽ പോരാ. യാതൊരു നഷ്ടപരിഹാരവും വാങ്ങാതെയാകും ആ പടിയിറക്കമെന്നും ക്ലോപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

റെഡ് ബുള്ളിന്റെ ഗ്ലോബൽ ഹെഡ് ഓഫ് സോക്കർ  സ്ഥാനത്തുനിന്ന് രാജിവച്ചാണ് ക്ലോപ്പ് ജര്‍മന്‍ ടീം പരിശീലകനാകുന്നത്.  നഷ്ടപരിഹാരം നൽകുന്നതിനു പകരം റെഡ് ബുള്ളിന്റെ 'വിങ്സ് ഫോർ ലൈഫ്' ഫൗണ്ടേഷന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഏകദേശം ഒന്‍പതുകോടി രൂപ സംഭാവനയായി നല്‍കും. വരും വർഷങ്ങളിൽ ജർമനിയുടെ മൂന്ന് രാജ്യാന്തര മത്സരങ്ങൾക്ക് റെഡ് ബുള്‍ ഉടമസ്ഥതയിലുള്ള ലൈപ്സിഗ് സ്റ്റേഡിയം വേദിയാകും. 2014ല്‍ കിരീടം നേടിയ ശേഷം ഇതുവരെ പ്രീക്വാര്‍ട്ടറിലെത്താന്‍ ജര്‍മനിക്ക് കഴിഞ്ഞിട്ടില്ല.

ENGLISH SUMMARY:

Jürgen Klopp is the new German national football team coach, taking charge on a four-year contract. He issued a stern warning to the media about respecting his family's privacy, emphasizing his willingness to step down without compensation if the majority feel it's time.