• അര്‍ജന്‍റീന പ്രതിരോധ നിര താരം നിക്കോളസ് ഒട്ടമെന്‍ഡി രാജ്യന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു.

അര്‍ജന്‍റീനയുടെ  പ്രതിരോധ നിരയിലെ പ്രമുഖനായ നിക്കോളസ് ഒട്ടമെന്‍ഡി രാജ്യന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു. ലോകകപ്പ് ഫൈനലായിരുന്നു തന്‍റെ അവസാന മല്‍സരമെന്ന് ഒട്ടമെന്‍ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2022 ലോകകപ്പ് വിജയിച്ച ടീമംഗമാണ്. 17 വര്‍ഷത്തെ ഫുട്ബോള്‍ കരിയറിനിടെ രണ്ടു കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും  ഒട്ടമെന്‍ഡി അംഗമായിരുന്നു. നാലു ലോകകപ്പില്‍ ടീം ജഴ്സിയണിഞ്ഞു. 

ലൂക്ക മോഡ്രിച്ച് എസി മിലാനിൽ തുടരും; ക്ലബ്ബുമായി പുതിയ കരാര്‍ 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് ഒട്ടമെന്‍ഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വാക്കുകള്‍ കുറിക്കുന്നു. വിധി പോലെ എന്‍റെ അവസാന ലോകകപ്പ് മല്‍സരം ഫൈനലായിരുന്നു. എന്നാല്‍ ഫലം ഞങ്ങള്‍ക്ക് അനുകൂലമായില്ല. തലയുയര്‍ത്തി തന്നെയാണ് ഞാന്‍ മടങ്ങുന്നത്. ടീമിന് അവസാന നിമിഷം വരെ എല്ലാം നല്‍കിയതെന്ന് എനിക്കറിയാം.. ലോകചാംപ്യന്മാരാകാന്‍ അനുവദിച്ചതിന് നന്ദി അര്‍ജന്റീന' എന്നാണ് ഒട്ടമെന്‍ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്. 

അനുഭവസമ്പത്തും നിർഭയമായ കളിശൈലിയും കൊണ്ട് ശ്രദ്ധേയനായ താരമാണ് ദ് ജനറല്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഒട്ടമെന്‍ഡി. 1988 ഫെബ്രുവരി 12ന് ബ്യൂണസ് അയേഴ്സിൽ ജനിച്ച ഒട്ടമെൻഡിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ പോരാട്ടവീര്യവും നേതൃപാടവുമാണ്. കളിയുടെ അവസാന സെക്കൻഡ് വരെ നൂറു ശതമാനം പ്രയത്നിക്കുന്ന സ്വഭാവം, ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ഗുണം, എതിരാളികളെ ഭയപ്പെടുത്തുന്ന ടാക്കിളുകൾ എന്നിവ ഒട്ടമെന്‍ഡിയുടെ പ്രത്യേകതകളാണ്. അമിതമായ ആക്രമണോത്സുകത ചിലപ്പോഴൊക്കെ അദ്ദേഹത്തിന് തിരിച്ചടിയായിട്ടുമുണ്ട്. 

ഗോള്‍ എണ്ണത്തില്‍ റൊണോ..; ബാലൻ ദ് ഒറിലും ലോകകപ്പിലും മെസി മുന്നില്‍; കേമനാര്? തീരാതെ തര്‍ക്കം

നിലവില്‍ അര്‍ജന്‍റീന ക്ലബ്ബായ അത്‌ലറ്റിക്കോ റിവർ പ്ലേറ്റിന്‍റെ താരമാണ് ഒട്ടമെന്‍ഡി. 16 വര്‍ഷത്തെ യൂറേപ്യന്‍ ക്ലബ് കരിയറിനു ശേഷമാണ് ഒട്ടമെന്‍ഡി ഈയിടെ നാട്ടിലേക്ക് തിരിച്ചെത്തിയത്. പോര്‍ട്ടോ, വെലന്‍സിയ, മാഞ്ചസ്റ്റര്‍ സിറ്റി, ബെന്‍ഫിക എന്നീ ടീമുകള്‍ക്കായി ഈകാലയളവില്‍ ഒട്ടമെന്‍ഡി കളിച്ചു.  

ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം നടത്തിയാണ് അര്‍ജന്‍റീന ഫൈനലിലേക്ക് എത്തിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ഈജിപ്തിനെ തോല്‍പ്പിച്ച് സെമിയിലും മികച്ച തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലിലും എത്തി. എന്നാല്‍ ഫൈനല്‍ പോരാട്ടത്തില്‍  സ്പെയിനിന് മുന്നില്‍ 1-0 ത്തിനാണ് അര്‍ജന്റീന തോറ്റത്.

ENGLISH SUMMARY:

Veteran Argentine defender Nicolas Otamendi has officially announced his retirement from international football through an emotional Instagram post. Revealing that his final international match was a World Cup final, Otamendi expressed pride in giving his all for the nation despite the team falling short in a 1-0 defeat against Spain.