കരിയറിലെ അവസാന മത്സരത്തിൽ ഗോളടിച്ച് ഇതിഹാസ താരം ലയണൽ മെസി. ആഫ്രിക്കൻ രാജ്യമായ ബെനിനുമായുള്ള സൗഹൃദമത്സരത്തിന്റെ 71-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസി ഗോൾ നേടിയത്. മെസിയുടെ കരിയറിലെ 126-മത്തെ ഗോളാണിത്. മത്സരത്തിൽ രണ്ടു അസിസ്റ്റും മെസി നടത്തി. അർജന്റീന മൂന്നു ഗോളിന് മുന്നിലാണ്.
ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് പിന്നാലെ 48–ാം മിനിറ്റിലാണ് അർജന്റീന മത്സരത്തിൽ ലീഡ് പിടിച്ചത്. മെസ്സിയുടെ കോർണറിൽ നിന്നും നിക്കോളാസ് ഓട്ടമെൻഡിയാണ് ഗോളെത്തിച്ചത്. രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 68–ാം അസിസ്റ്റായിരുന്നു ഇത്. 62-ാം മിനിറ്റിലെ രണ്ടാമത്തെ ഗോളും മെസിയുടെ അസിസ്റ്റിൽ നിന്നായിരുന്നു. മെസി നൽകിയ പാസിൽ നിന്നും ബോക്സിന്റെ എഡ്ജിൽനിന്ന് നിക്കോ പാസിന്റെ തകർപ്പൻ ഫിനിഷിങിലൂടെയായിരുന്നു രണ്ടാമത്തെ ഗോൾ.
ബെനിൻ താരം ഊറോയുടെ അലസമായ ടാക്കിളിൽ നിന്നാണ് പെനാൾട്ടി ലഭിച്ചത്. ബോക്സിനുള്ളിൽ ഗിയായെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടിയെടുത്തത് മെസിയാണ്. പോസ്റ്റിന്റെ വലതുഭാഗത്തേക്ക് വെടിയുണ്ട പോലെ തൊടുത്തുവിട്ടു ഷോട്ട് രക്ഷിക്കാൻ ഗോളിക്ക് സാധിച്ചില്ല. ഇതിനുതൊട്ടുമുൻപ് മെസിയുടെ ഒന്നിലധികം ഷോട്ടുകൾക്ക് രക്ഷകനായത് ബെനിന്റെ ഗോളിയായിരുന്നു.
അതേസമയം മത്സരത്തിനിടെ മെസിക്ക് കളി നിർത്തിവച്ച് ആദരം അർപ്പിച്ചു. പത്താംമിനിറ്റിലാണ് കളി നിർത്തിവച്ച് താരത്തെ ആദരിച്ചത്.