Image: AP Photo/Scott Heppell (File)

ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും മുൻ ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകനുമായ കെവിൻ കീഗൻ (75) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു മരണം. തനിക്ക് കാൻസറാണെന്നും രോഗം നാലാമത്തെ സ്റ്റേജിലാണെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടെന്നും കീഗൻ കഴിഞ്ഞ ജൂണിൽ വെളിപ്പെടുത്തിയിരുന്നു. വയറിലെ അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഈ വർഷം ജനുവരിയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

തുടർച്ചയായി രണ്ട് തവണ ബലോൻ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള കീഗൻ, ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ഫോർവേഡുകളിൽ ഒരാളാണ്. സ്കൺതോർപ് യുണൈറ്റഡിലൂടെ കരിയർ ആരംഭിച്ച കീഗൻ, ലിവർപൂളിലൂടെയാണ് ഫുട്ബോൾ ലോകത്ത് തരംഗമായി മാറിയത്. 1971 മുതൽ 1977 വരെ ലിവർപൂളിനായി കളിച്ച അദ്ദേഹം ക്ലബ്ബിനൊപ്പം മൂന്ന് ഫസ്റ്റ് ഡിവിഷൻ ലീഗ് കിരീടങ്ങൾ, യൂറോപ്യൻ കപ്പ്, രണ്ട് യു.ഇ.എഫ്.എ കപ്പുകൾ, എഫ്.എ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

തുടർന്ന് ജർമ്മൻ ക്ലബ്ബായ ഹാംബർഗിലേക്ക് ചേക്കേറിയ കീഗൻ, ക്ലബ്ബിനെ ബുന്ദസ് ലിഗ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1978, 1979 വർഷങ്ങളിൽ തുടർച്ചയായി ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ബലോൻ ദ് ഓർ നേടുന്ന നാല് ഇംഗ്ലീഷ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം. കരിയറിന്റെ അവസാന ഘട്ടത്തിൽ സത്താംപ്റ്റൺ, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകൾക്കായും ബൂട്ടണിഞ്ഞു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 63 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടുകയും 31 മത്സരങ്ങളിൽ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.

കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായും കെവിൻ കീഗൻ തിളങ്ങി. 1992-ൽ ന്യൂകാസിലിന്റെ പരിശീലകസ്ഥാനമേറ്റെടുത്ത അദ്ദേഹം ടീമിന് പുതിയ ജീവൻ നൽകി. 'ദി എന്റർടൈനേഴ്സ്' എന്ന് വിളിപ്പേരുള്ള മുന്നേറ്റനിരയെ വാർത്തെടുക്കുകയും 1996-ൽ പ്രീമിയർ ലീഗിൽ റണ്ണേഴ്സ് അപ്പ് ആക്കുകയും ചെയ്തു. 1999 ഫെബ്രുവരി മുതൽ 2000 ഒക്ടോബർ വരെ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. യൂറോ 2000-ൽ ടീമിനെ നയിച്ചത് കീഗനായിരുന്നു. ഫുൾഹാമിനെയും മാഞ്ചസ്റ്റർ സിറ്റിയെയും മുൻനിര പ്രീമിയർ ലീഗ് ക്ലബ്ബുകളാക്കി മാറ്റുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കീഗന്റെ വേർപാടിൽ ഫുട്ബോൾ ലോകം അനുശോചനം രേഖപ്പെടുത്തി. ‘ന്യൂകാസിൽ യുണൈറ്റഡിനെ ഏറെ സ്വാധീനിക്കുകയും പ്രിയപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളുമായിരുന്നു കെവിൻ. തലമുറകളോളം ആരാധകരുടെ ഹൃദയമിടിപ്പായിരുന്നു അദ്ദേഹം’ എന്ന് ന്യൂകാസിൽ യുണൈറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ചരിത്രത്തിൽ കീഗന്‍റെ പോരാട്ടവീര്യവും സംഭാവനകളും എന്നെന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് ലിവർപൂൾ എഫ്.സിയും പറഞ്ഞു.

ENGLISH SUMMARY:

Former England national team manager and legendary footballer Kevin Keegan has passed away at the age of 75 after a battle with late-stage cancer. Diagnostic tests in January revealed stomach issues that led to a terminal cancer diagnosis, which Keegan publicly shared last June. Renowned as one of England's greatest forwards, Keegan made history by winning back-to-back Ballon d'Or awards in 1978 and 1979 while playing for Hamburg, following an immensely successful spell at Liverpool where he won three First Division titles and a European Cup. He earned 63 caps for England, captained the national side 31 times, and later transitioned into a prominent managerial career, notably guiding Newcastle United's iconic 'Entertainers' side and managing the England national team.