Soccer Football - FIFA World Cup 2026 - Final - Spain v Argentina - New York/New Jersey Stadium, East Rutherford, New Jersey, U.S. - July 19, 2026 General view as Spain's Rodri lifts the World Cup trophy alongside teammates as they celebrate winning the World Cup REUTERS/John Sibley
ഫിഫ ലോകകപ്പ് ഫൈനലില്‍ തോറ്റതിന് പിന്നാലെ അര്‍ജന്റീനയെ വിട്ടൊഴിയാതെ വിവാദങ്ങള്‍. കളിക്കളത്തിലെ കയ്യാങ്കളിക്കും അക്രമത്തിനും പിന്നാലെ സമ്മാനദാനച്ചടങ്ങിലെ ടീമിന്‍റെ പെരുമാറ്റമാണ് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചത്. സ്പെയിന് ലോകകപ്പ് സമ്മാനിക്കുമ്പോള്‍ മെസിയും സംഘവും പിന്തിരിഞ്ഞ് നില്‍ക്കുകയും ചാംപ്യന്‍മാര്‍ക്ക് കൈയടിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. ചാംപ്യന്‍മാര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ അര്‍ജന്റീന വിസമ്മതിച്ച് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്തേക്ക് മാറി നിന്നു. സ്പെയിന്‍ താരങ്ങളാവട്ടെ അര്‍ജന്റീനക്കാര്‍ മെഡലുകളേറ്റുവാങ്ങാനെത്തിയപ്പോള്‍ കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഗോള്‍ഡന്‍ ബോള്‍ വാങ്ങാന്‍ റോഡ്രിയെത്തിയപ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ മെസി, മെസിയെന്ന് ഉറക്കെ വിളിച്ചു. വലിയ വിമര്‍ശനമാണ് താരങ്ങളുടെയും ആരാധകരുടെയും പെരുമാറ്റത്തിനെതിരെ ഉയരുന്നത്.
മുന്‍ചാംപ്യന്‍മാരുടെ നിലവാരമില്ലായ്മയാണിത് വെളിവാക്കുന്നതെന്നും ഞെട്ടിക്കുന്നവുന്നും മുന്‍താരങ്ങളടക്കം തുറന്നടിച്ചു. ഫൈനല്‍ ചടങ്ങിന് തീരാക്കളങ്കമാണ് അര്‍ജന്റീന വരുത്തിവച്ചതെന്നും ആളുകള്‍ പറയുന്നു. 'വലിയ എന്തോ സംഭവമാണ് ഈ ചെയ്തതെന്ന് ആരാധകര്‍ക്ക് തോന്നുന്നുണ്ടാകും. ട്രോഫി ഉയര്‍ത്തുമ്പോഴും റോഡ്രി മികച്ച താരത്തിന്‍റെ ട്രോഫി വാങ്ങുമ്പോഴും അവര്‍ ആര്‍ത്തുവിളിച്ചത് മെസിക്കും അര്‍ജന്റീനയ്ക്കുമായാണ്. അര്‍ജന്റീന ഫൈനലില്‍ തോറ്റുവെന്ന് അവര്‍ക്കിപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല'- അഡ്രിയന്‍ ദുറം പറഞ്ഞു.
ടൂര്‍ണമെന്‍റിലുടനീളം അനാവശ്യ ആനുകൂല്യങ്ങള്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചുവെന്നും ദുറം ആരോപിച്ചു. 'ലോകകപ്പിന് തന്നെ അര്‍ജന്റീന നാണക്കേടുണ്ടാക്കി. ഇംഗ്ലണ്ടിനെതിരെ കളിച്ച ആ 20 മിനിറ്റൊഴിച്ചാല്‍ ടൂര്‍ണമെന്‍റില്‍ അവരുടെ പ്രകടനം ശോകമായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പിലായിരുന്നു അവര്‍. നോക്കൗട്ട് മുതലാണ് കളിക്കേണ്ടി വന്നത്. കാബോ വെര്‍ദെക്കെതിരെ വിയര്‍ത്തു, ഈജിപ്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു, സ്വിറ്റ്സര്‍ലന്‍ഡിനോടും അങ്ങനെയൊക്കെ തന്നെ' എന്നും അദ്ദേഹം പറഞ്ഞതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
തോല്‍വി അംഗീകരിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കളിക്കളത്തില്‍ ഫൈനല്‍ വിസിലിന് ശേഷം അരങ്ങേറിയ സംഭവങ്ങള്‍. സ്പാനിഷ് താരങ്ങളെ ആക്രമിച്ച പരേഡസ് റെഡ് കാര്‍ഡും വാങ്ങിക്കൂട്ടി. 90 മിനിറ്റ് വരെ ഗോള്‍രഹിതമായി തുടര്‍ന്ന കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടതോടെയാണ് സ്പെയിന്‍റെ വിജയഗോള്‍ പിറന്നത്.