ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ലയണല്‍ മെസി തിരിച്ചുപിടിക്കുമെന്ന് ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബപെ. ഓവറോള്‍ സ്കോറിങ് ചാര്‍ട്ടില്‍ മെസിയെ മറികടന്നതിന് പിന്നാലെയായിരുന്നു എംബപെയുടെ പ്രതികരണം. 'ലിയോ എപ്പോഴും ഗോളടിക്കും. ഇന്നും ഗോളടിക്കും. ഉറപ്പാണ്' എംബപെ ഫോക്സ് സ്പോര്‍ട്സിനോട് പറഞ്ഞു.
മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് എംബപെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായത്. 22 മല്‍സരങ്ങളില്‍ നിന്ന് 22 ഗോളുകളാണ് എംബപെയുടെ പേരിലുള്ളത്. മെസിക്കാവട്ടെ 21 ഉം. ഈ ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ജര്‍മനിയുടെ മിറസ്ലാവ് ക്ലോസെയുടെ 16 ഗോളുകളെന്ന റെക്കോര്‍ഡ് തകര്‍ത്താണ് മെസിയും എംബപെയും ഗോള്‍ വേട്ട ആരംഭിച്ചത്. മെസി ആദ്യം റെക്കോര്‍ഡിട്ടു. എംബപെ തൊട്ടടുത്ത കളിയിലും. എട്ടു മല്‍സരങ്ങളില്‍ നിന്നായി 10 ഗോളുകളാണ് എംബപെ ഈ ലോകകപ്പില്‍ നേടിയത്. ഇംഗ്ലണ്ടിനെതിരായ ഗോള്‍ നേട്ടത്തോടെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും എംബപെ ഒന്നാമതെത്തി.
വ്യക്തപരമായി നേട്ടമുണ്ടാക്കിയെങ്കിലും ടീമിനായി മൂന്നാം സ്ഥാനവും മാനേജര്‍ ദെഷാമിന് അര്‍ഹിക്കുന്ന യാത്രയയ്പ്പും നല്‍കാന്‍ കഴിയാത്തതില്‍ താന്‍ ദുഃഖിതനാണെന്ന താരം തുറന്ന് പറഞ്ഞു. 'എല്ലായ്പ്പോഴും എന്‍റെ ടീമിനെ സഹായിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ലോകകപ്പില്‍ നിങ്ങള്‍ ഗോള്‍ നേടുമ്പോള്‍ വ്യക്തിപരമായി അത് നിങ്ങള്‍ക്ക് ഉയര്‍ച്ച നല്‍കുമെന്നത് സ്വാഭാവികമാണ്. ലോകകപ്പിലെ ടോപ് സ്കോറര്‍ ആകുന്നതിലുപരി ഫൈനലായിരുന്നു എന്‍റെ ലക്ഷ്യം'- താരം തുറന്ന് പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലെന്ന ഫ്രാന്‍സിന്‍റെ മോഹമാണ് സെമിയിലെ തോല്‍വിയോടെ പൊലിഞ്ഞത്.
ഫൈനലില്‍ സര്‍വശക്തിയുമെടുത്ത് പൊരുതുമെന്നായിരുന്നു ഫൈനലിന് മുന്നോടിയായി നടന്ന സംഭാഷണത്തില്‍ മെസിയുടെ പ്രതികരണം. ഈ ലോകകപ്പില്‍ ഇതുവരെ എട്ടുഗോളുകളും നാല് അസിസ്റ്റുകളുമായി അര്‍ജന്‍റീനയെ മുന്നില്‍ നിന്ന് നയിക്കുകയാണ് മെസി. രാത്രി പന്ത്രണ്ടരയ്ക്ക് ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് സ്പെയിന്‍–അര്‍ജന്‍റീന പോരാട്ടം. നോക്കൗട്ടുകളില്‍ രണ്ടുവട്ടമാണ് പിന്നില്‍ നിന്ന ശേഷം അര്‍ജന്‍റീന കളി ജയിച്ചത്. അതില്‍ രണ്ടുവട്ടം കളി എക്സ്ട്രാ ടൈമിലേക്കും നീണ്ടിരുന്നു. ടൂര്‍ണമെന്‍റില്‍ തന്നെ ഏറ്റവുമധികം ഗോളുകള്‍ (19) നേടിയതും അര്‍ജന്‍റീനയാണ്. അവസാന നിമിഷം വരെ കളിയുടെ ഗതി മാറ്റിക്കളയാന്‍ ശേഷിയുള്ള അര്‍ജന്‍റീനയ്ക്ക് അത്തരമൊരു അവസരം കൊടുക്കാതിരിക്കലാവും സ്പെയിന്‍റെ തന്ത്രം.