Image Credit:X, Reuters
ഫിഫ ലോകകപ്പ് സെമി ഫൈനലിന് മണിക്കൂറുകള്‍ ശേഷിക്കെ അര്‍ജന്‍റീനയെ വിട്ടൊഴിയാതെ വിവാദം. ഇംഗ്ലണ്ട്– അര്‍ജന്‍റീന സെമി നിയന്ത്രിക്കുക മൊറോക്കന്‍ വംശജനായ അമേരിക്കന്‍ റഫറി ഇസ്മായില്‍ എല്‍ഫാത്താണെന്നതാണ് അതിന് കാരണം. മെസിക്കേറെ 'പ്രിയപ്പെട്ട' റഫറിയാണ് എല്‍ഫാത്തെന്നാണ് സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. 2022 ലെ ലോകകപ്പ് ഫൈനലില്‍ എല്‍ഫാത്ത് ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു. അന്ന് മെസി ഇരട്ട ഗോള്‍ നേടുകയും അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. 2023 ലെ ലീഗ് കപ്പ് മെസിയുടെ ഇന്‍റര്‍ മയാമി നേടുമ്പോഴും എല്‍ഫാത്തായിരുന്നു റഫറി. ഈ മല്‍സരത്തില്‍ ഇന്‍റര്‍ മയാമിയുടെ ഏക ഗോള്‍ നേടിയതും മെസി തന്നെ. നാഷ്വില്ലെ എസ്സിക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അന്ന് മെസിയുടെ ടീമിന്‍റെ ജയം. മേജര്‍ ലീഗ് സോക്കറില്‍ മെസി കളിച്ച നാല് മല്‍സരങ്ങളിലാണ് എല്‍ഫാത്ത് റഫറിയായി എത്തിയത്. അതിലെല്ലാം മെസിയുടെ ടീം ജയിക്കുകയും ചെയ്തു.
ഈ ലോകകപ്പില്‍ ഇതുവരെ മൂന്ന് മല്‍സരങ്ങളിലായി എട്ട് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പ് കാര്‍ഡും എല്‍ഫാത്ത് പുറത്തെടുത്തിട്ടുണ്ട്. നെതര്‍ലന്‍ഡ്സ്– ജപ്പാന്‍, സ്പെയിന്‍–യുറഗ്വായ്, നോര്‍വെ–ബ്രസീല്‍ മല്‍സരങ്ങളായിരുന്നു എല്‍ഫാത്ത് റഫറിയായത്. സ്പെയിന്‍– യുറഗ്വായ് മല്‍സരത്തിന് ശേഷം വന്‍ വിമര്‍ശനമാണ് സ്പാനിഷ് മാധ്യമങ്ങള്‍ എല്‍ഫാത്തിന് നേരെ നടത്തിയത്.
വിവാദമാക്കാനുള്ള ഒന്നും റഫറിയുടെ കാര്യത്തില്‍ ഇല്ലെന്നും യാദൃശ്ചികമായാണ് എല്‍ഫാത്ത് ഈ മല്‍സരത്തിന്‍റെ റഫറിയായതെന്നുമാണ് ഫിഫയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഫിഫയുടെ ഏറ്റവും പരിചയ സമ്പന്നനായ റഫറിമാരില്‍ ഒരാളാണ് എല്‍ഫാത്ത്. കോറി പാര്‍ക്കറും കെയ്ല്‍ അറ്റ്കിന്‍സുമാണ് ഇംഗ്ലണ്ട്–അര്‍ജന്‍റീന സെമിയില്‍ അസിസ്റ്റന്‍റ് റഫറിമാര്‍. ഇറ്റലിക്കാരനായ മൗറിസ്യോ മരിയാനിയാണ് നാലാം ഒഫീഷ്യലായി ഉണ്ടാവുക.
ടൂര്‍ണമെന്‍റില്‍ അര്‍ജന്‍റീനയുടെ യാത്രയിലുടനീളം വിവാദങ്ങള്‍ അകമ്പടി വന്നിരുന്നു. ഗ്രൂപ്പ് മല്‍സരങ്ങളില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടാതിരുന്ന അര്‍ജന്‍റീന നോക്കൗട്ടില്‍ കാബോ വെര്‍ദെയോട് വിയര്‍ത്താണ് ജയിച്ചത്. ഈജിപ്തിനെതിരെ 2–0ത്തിന് പിന്നില്‍ നിന്ന ശേഷമാണ് അമ്പരപ്പിക്കുന്ന തിരിച്ച് വരവ് മെസിപ്പട നടത്തിയത്. മെസിയാണ് ഇന്നും അര്‍ജന്‍റീനയുടെ തുരുപ്പ് ചീട്ടെങ്കിലും നാലുവര്‍ഷം മുന്‍പത്തെക്കാളും കൂടുതല്‍ കരുത്തരാണ് ഇന്നത്തെ ടീം. യൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും എന്‍സോ ഫെര്‍ണാണ്ടസും അര്‍ജന്‍റീനയുടെ ആത്മവിശ്വാസമേറ്റുന്നു. എതിരാളി ആരായാലും , മല്‍സരം കൈവിട്ട് പോയെന്ന് തോന്നുന്ന നിമിഷങ്ങളിലും തിരിച്ചടിച്ച് ജയിക്കാന്‍ കഴിയുമെന്ന് സ്കലോണി ലോകത്തെ കാണിച്ചു. ചാംപ്യന്‍മാരെന്ന മാനസിക മുന്‍തൂക്കവുമായാകും അര്‍ജന്‍റീന ഇന്ന് ഇംഗ്ലണ്ടിനെയും നേരിടാനിറങ്ങുക.