ഫിഫ ലോകകപ്പ് സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ തകര്‍ത്ത് സ്പെയിൻ ഫൈനലില്‍. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്, 16 വര്‍ഷത്തിന് ശേഷം.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സ്പെയിൻ തങ്ങളുടെ ആധിപത്യം പ്രകടമാക്കി. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ഇരുപത്തിരണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് മിക്കൽ ഒയാർസബാലാണ് സ്പെയിനിന് ആദ്യം ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ അമ്പത്തിയെട്ടാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ സ്പെയിൻ തങ്ങളുടെ രണ്ടാം ഗോളും നേടി.
മറുഭാഗത്ത് കിലിയൻ എംബപെയുടെ നേതൃത്വത്തിൽ ഫ്രാൻസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്പെയിനിന്റെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. 15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഫ്രഞ്ച് ഡിഫൻസിലെ പിഴവുകളും സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോണിന്റെ മികച്ച സേവുകളും ഫ്രാൻസിന് തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാമത്തെ പകുതിയില്‍ രണ്ടാം ഗോളും വഴങ്ങിയതോടെ ഫ്രഞ്ച് താരങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഫ്രാൻസ് നീക്കങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം ഭേദിക്കാനായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്കോര്‍ 2-0.
വിജയത്തോടെ കഴിഞ്ഞ യൂറോ 2024 സെമിഫൈനലിലെ വിജയത്തിന് പിന്നാലെ, ലോകകപ്പിലും ഫ്രാൻസിനെതിരെ തങ്ങളുടെ മേധാവിത്വം നിലനിർത്താൻ സ്പെയിനിന് സാധിച്ചു. 36 മത്സരങ്ങളായി തോൽവിയറിയാതെ കുതിക്കുന്ന സ്പെയിൻ ടീം മികച്ച ഫോമിലാണ് ഫൈനലിലേക്ക് കടക്കുന്നത്.