Image Credit: AFP
ഫൈനലിന് മുന്‍പൊരു ഫൈനല്‍, അതാണ് ഇന്ന് രാത്രി ഡാലസില്‍ നടക്കുക. ആക്രമണത്തില്‍ പകരക്കാരില്ലെന്ന ആത്മവിശ്വാസവുമായി ഫ്രാന്‍സും പ്രതിരോധത്തില്‍ വെല്ലാനാളുണ്ടോ എന്ന ചോദ്യവുമായി സ്പെയിനും ഏറ്റുമുട്ടും. പക്ഷേ നോക്കൗട്ട് മല്‍സരങ്ങളില്‍ ഇതൊന്നുമല്ല ഫലം നിശ്ചയിക്കുക. പന്ത് ആര് കൈവശം വയ്ക്കുന്നുവെന്നതിനപ്പുറം സമ്മര്‍ദത്തെ അതിജീവിച്ച് അതിവേഗം ആര് ഗോളടിക്കുന്നു, ആര് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു, സ്വന്തം ഗോള്‍വല കുലുങ്ങാതെ ആറ് കാക്കുന്നു എന്നതിനെ ആശ്രയിച്ചാകും ജയം.
ഗോളടിക്കുക, പന്തിന്‍മേല്‍ ആധിപത്യമെടുക്കുക, ആക്രമിക്കുക, എതിരാളികള്‍ക്ക് ചിന്തിക്കാന്‍ നേരം കിട്ടുന്നതിന് മുന്‍പ് പന്ത് വലയിലെത്തിക്കുക എന്നത് തന്നെയാകും ഫ്രാന്‍സിന്‍റെ തന്ത്രം. സ്പെയിനാവട്ടെ ടൂര്‍ണമെന്‍റില്‍ ബെല്‍ജിയത്തോട് മാത്രമാണ് ഗോള്‍ വഴങ്ങിയത്. അത്ര ശക്തമാണ് പ്രതിരോധം. അതെപ്പോഴെങ്കിലും നഷ്ടമായാല്‍ വര്‍ധിത വീര്യത്തോടെ സ്പെയിന്‍ തിരിച്ച് പിടിക്കുകയും ചെയ്യും. വെറും 12 സെക്കന്‍റ് മാത്രമാണ് സ്പെയിന്‍ പൊസഷന്‍ തിരിച്ച് പിടിക്കാന്‍ ഇതുവരെയെടുത്തിട്ടുള്ള സമയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവും മികച്ച പൊസഷന്‍ കണക്കും സ്പെയിനിന്‍റേതാണ്.
ഗോള്‍മുഖത്ത് ആക്രമണത്തിന് വഴിയൊരുക്കാന്‍ അനുവദിക്കാതിരിക്കുകയാണ് സ്പെയിനിന്‍റെ തന്ത്രം. ടൂര്‍ണമെന്‍റിലിതേവരെ എംബപെയോ, ഡെംബലയെയോ, ഒലിസയെപ്പോലെയോ ഉള്ളവരെ സ്പെയിനിന് നേരിടേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. ആ ദൗര്‍ബല്യമാണ് ക്വാര്‍ട്ടറില്‍ ബല്‍ജിയം തുറന്ന് കാട്ടിയത്. സ്പെയിന്‍റെ ബാക് ലൈന്‍ വലിഞ്ഞാല്‍ പ്രതിരോധത്തില്‍ വിടവുകള്‍ ഉണ്ടാകും. ഈ വിടവിലേക്കാണ് ബല്‍ജിയം നിരന്തരം ആക്രമണം നടത്തിയത്.
നാല് ഡിഫന്‍ഡര്‍മാര്‍ തന്നെയാണ് ഫ്രാന്‍സിന്‍റെ കരുത്ത്. അടുത്ത ഫൈനല്‍ മാത്രമാണ് ദെഷാമിന്‍റെ ലക്ഷ്യം. അതുകൊണ്ട് തന്നെ സ്പെയിനിന്‍റെ പ്രതിരോധക്കോട്ട പൊളിക്കുകയാകും ലക്ഷ്യം. പക്ഷേ പാരഗ്വായ്ക്കും മൊറോക്കോയ്ക്കുമെതിരായ മല്‍സരങ്ങള്‍ ഫ്രാന്‍സിന് മുന്നിലുണ്ട്. ഡീപിലേക്ക് എതിരാളികള്‍ വലിയുമ്പോള്‍ ഫ്രാന്‍സ് പൊസഷന്‍ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും ഓര്‍ഗനൈസ്ഡ് ആയ പ്രതിരോധ നിരയാണ് സ്പെയിനിന്‍റേത്. കളി വലിച്ച് നീട്ടാതെ നിശ്ചിത സമയത്തില്‍ എതിരാളികളെ വീഴ്ത്തുകയാണ് സ്പെയിന്‍ ലക്ഷ്യമിടുന്നതും. ആക്രമിക്കാന്‍ വരുന്ന ഫ്രാന്‍സിന്‍റെ ക്ഷമ കെടുത്തുകയാവും തന്ത്രം. പിന്നെ ഫ്രാന്‍സിന് പേടിക്കാനുള്ളത് മിക്കേല്‍ മെറിനോയെയാണ്. അവസാന നിമിഷം കളിയുടെ ഗതി മാറ്റാന്‍ കെല്‍പ്പുള്ള താരമാണ് മെറിനോ. ലമീന്‍ യമാലിനെയും ഫ്രാന്‍സ് നിസാരമാക്കേണ്ടതില്ല. അടിച്ചത് ഒരു ഗോള്‍ മാത്രമാണെങ്കിലും വിങ്ങുകളില്‍ സ്പെയിനിന്‍റെ ആക്രമണം നയിക്കുന്നത് യമാലാണ്.
യൂറോ 2024 ല്‍ ഫ്രാന്‍സിനെ 2–1ന് സ്പെയിന്‍ തകര്‍ത്തിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം അന്ന് ദെഷാം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഫ്രാന്‍സിന്‍റെ കളി മാറി. തന്‍റെ 4–3–3 എന്ന ശൈലി വിട്ട് അദ്ദേഹം കുറേക്കൂടി സാഹസികമായ 4–2–3–1 എന്ന രീതി സ്വീകരിച്ചു. യുവേഫ നാഷന്‍സ് ലീഗ് സെമിയില്‍ 5–4 ന് ഫ്രാന്‍സ് കണക്ക് തീര്‍ത്തു. അന്ന് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് എംബപെയും ഡെംബലെയും ഒലിസെയും ദുയെയുമാണ്. ഇതേ സംഘം വീണ്ടുമിറങ്ങുമ്പോള്‍ പോരാട്ടം സ്പെയിന് കടുക്കും. ആക്രമണത്തിനും പ്രതിരോധത്തിനുമിടയിലെ നിര്‍ണായക നിമിഷം ആര് തിരിച്ചറിയുന്നോ അവര്‍ ഫൈനലിലേക്ക് കടക്കുകയും ചെയ്യും.