Image Credit: AFP

ലോകകപ്പ് സെമി ഫൈനല്‍ ഇന്ന് തുടങ്ങാനിരിക്കെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് തിരിച്ചടി. ഫിഫയുടെ പുതിയ പവര്‍ റാങ്കിങിലാണ് മെസിയെ കടത്തി വെട്ടി ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെലിങ്ങാം മുന്നിലെത്തിയത്. ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കാവട്ടെ ആരു വന്നിട്ടും കുലുക്കമൊന്നുമില്ല. ഫിഫയുടെ പവര്‍ റാങ്കിങില്‍ 8.97 പോയിന്‍റുകളുമായി എംബപെയാണ് ഒന്നാമത്. ഗോളടിക്കുന്നതില്‍ മാത്രമല്ല ഗോള്‍ സൃഷ്ടിക്കുന്നതിലും എംബപെ മോശമല്ലെന്ന് ഫിഫയുടെ കണക്കുകള്‍ പറയുന്നു. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പക്ഷേ 8.30 പോയിന്‍റുമായി കൂട്ടുകാരന്‍ മൈക്കല്‍ ഒലിസെയാണ് ഒന്നാമന്‍. 

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ റാങ്കിങില്‍ ക്ഷീണമായത് മെസിക്കാണ്. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് മെസി ഗോളടിക്കാതിരുന്നത്. ഇതോടെ അറ്റാക്കിങ് റാങ്കിങില്‍ താരം പിന്നിലായി. നോര്‍വെയ്ക്കെതിരെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ജൂഡ് ബെലിങ്ങാമാവട്ടെ നാലു സ്ഥാനം മെച്ചപ്പെടുത്തി (8.25) രണ്ടാമതെത്തി. മെസി മൂന്നാം സ്ഥാനത്തേക്ക് (8.07) പിന്തള്ളപ്പെട്ടു. 

ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി 9–ാം സ്ഥാനത്തെത്തി. വ്യാഴാഴ്ച ഇംഗ്ലണ്ടും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മെസിക്ക് റാങ്കിങ് തിരിച്ച് പിടിക്കാനും ബെലിങ്ങാമിന് സ്ഥാനം നിലനിര്‍ത്താനുമുള്ള പോരാട്ടം കൂടിയാകുമത്.

അതേസമയം, ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ തീ പാറും പോരാട്ടമാണിന്ന്. രാത്രി പന്ത്രണ്ടരയ്ക്ക് ഡാലസിലെ സ്റ്റേഡിയത്തില്‍ സ്പെയിനും ഫ്രാന്‍സും ഏറ്റുമുട്ടും. 38 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 18 വട്ടവും ജയം സ്പെയിനൊപ്പം നിന്നു. 13 തവണ ഫ്രാന്‍സ് ജയിച്ചപ്പോള്‍ ഏഴു മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. പക്ഷേ ലോകകപ്പില്‍ ഒരേയൊരു വട്ടമാണ് ഇതിന് മുന്‍പ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നാവട്ടെ ജയം ഫ്രാന്‍സിനായിരുന്നു. 

ENGLISH SUMMARY:

Ahead of the highly anticipated 2026 World Cup semi-finals, FIFA has released its latest power rankings, revealing significant shifts in player standings. Kylian Mbappe continues to dominate the top spot with 8.97 points, showcasing exceptional consistency in both goal-scoring and playmaking. Jude Bellingham has climbed to second place with 8.25 points following his instrumental role in England’s victory over Norway. Conversely, Lionel Messi has dropped to third place after failing to find the net against Switzerland, marking his first scoreless game of the tournament. The upcoming clash between England and Argentina promises to be a high-stakes battle for ranking supremacy between Messi and Bellingham. Meanwhile, the first semi-final match between Spain and France is set to ignite tonight in Dallas, with history favoring Spain in total head-to-head encounters despite France's past World Cup advantage.