ഇംഗ്ലണ്ടിനോട് തോറ്റ് ലോകകപ്പ് നോക്കൗട്ടില്‍ പുറത്തായതിന് പിന്നാലെ നോര്‍വെ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ സൊര്‍ലോതിന് വ്യാപക വധഭീഷണി. ഗോളടിക്കാനുള്ള അവസരം ഹാളണ്ടിന് നല്‍കാതെ സൊര്‍ലോത് തുലച്ചെന്നാണ് ആരാധകര്‍ പറയുന്നത്. വിഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ആരാധകരുടെ ആരോപണം. ഓണ്‍ലൈനിലും ഫോണിലുമായി താരത്തിന് നിരന്തരം വധഭീഷണി ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധഭീഷണികളില്‍ സൊര്‍ലോത് ഇതുവരെ പ്രതികരിച്ചില്ല. പക്ഷേ ഹാളണ്ടിന് പന്ത് നല്‍കാതിരിക്കാന്‍ തനിക്ക് തന്‍റേതായ കാരണമുണ്ടെന്ന് സൊര്‍ലോത് വിശദീകരിക്കുന്നു.

'ഫസ്റ്റ് ടച്ചിന് ശേഷം നോക്കിയപ്പോള്‍ സ്റ്റോണ്‍സ് പാസിങ് ലൈന്‍ തടസപ്പെടുത്തി നില്‍ക്കുന്നത് ഞാന്‍ കണ്ടു. അതുകൊണ്ട് ഞാന്‍ ഷോട്ടെടുത്തു. പക്ഷേ അത് തീര്‍ത്തും ദുര്‍ബലമായിരുന്നു. ആദ്യം മുന്നോട്ട് നീങ്ങി സ്റ്റോണ്‍സിനെ മാറ്റുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ അപ്പോള്‍ സ്റ്റോണ്‍സ് മാറ്റുമെന്ന് കരുതി ഞാന്‍ കാത്തുനില്‍ക്കുകയാണ് ഉണ്ടായത്'- സൊര്‍ലോത് പ്രതികരിച്ചു. 'സത്യത്തില്‍ ഏര്‍ലിങ് ഹാളണ്ടിന് പാസ് നല്‍കണമായിരുന്നുവെന്ന് എല്ലാവരും പറയുന്നു. പക്ഷേ ആ പാസ് ശരിയാകുമെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് ഞാന്‍ ഷൂട്ട് ചെയ്തു. കാര്യമുണ്ടായില്ല. ആ സമയത്ത് കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നി'- സൊര്‍ലോത് വിശദീകരിച്ചു. കനത്ത കുറ്റബോധം ആ നിമിഷത്തെയോര്‍ത്ത് തനിക്കുണ്ടെന്നും ആ പിഴവിന്‍റെ ആഴം ഇപ്പോള്‍ മനസിലാകുന്നുണ്ടെന്നും മറിച്ചായിരുന്നുവെങ്കില്‍ ഫലം തന്നെ മറ്റൊന്നായേനെയെന്നും സൊര്‍ലോത് പശ്ചാത്തപിച്ചു.

മല്‍സരത്തിന്‍റെ ആദ്യപകുതിയിലാണ് സൊര്‍ലോതിന് വിമര്‍ശനത്തിന് കാരണമായ സംഭവമുണ്ടായത്. ഗോളടിക്കാന്‍ പാകത്തിന് ഹാളണ്ട് ഫ്രീ ആയി സൊര്‍ലോതിന് സമീപത്തുള്ളത് വിഡിയോയില്‍ കാണാം. പന്ത് നേരെ ഹാളണ്ടിന് കൊടുക്കാനുള്ളതിന് പകരം സ്വയം സ്കോര്‍ ചെയ്യാന്‍ സൊര്‍ലോത് ശ്രമിക്കുകയും ഡിഫന്‍ഡര്‍മാര്‍ ആ നീക്കം തടയുകയുമായിരുന്നു. ഹാളണ്ട് പന്ത് ചോദിക്കുന്നതും ദൃശ്യമായിരുന്നു. ഗോളാകാതിരുന്നതോടെ ഹാളണ്ട് നിരാശയും മറച്ചുവച്ചില്ല. നോര്‍വേ 1–0ത്തിന് മുന്നില്‍ നിന്ന ആ സമയം, രണ്ടാം ഗോളും നേടിയിരുന്നെങ്കില്‍ ഇംഗ്ലണ്ട് കടുത്ത സമ്മര്‍ദത്തിലായേനെ. പക്ഷേ സൊര്‍ലോതിന്‍റെ സ്വാര്‍ഥത ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമമിട്ടെന്നും ആരാധകര്‍ തുറന്നടിച്ചിരുന്നു. 

ENGLISH SUMMARY:

Norway striker Alexander Sorloth is facing severe backlash and death threats following Norway's exit from the World Cup after a crucial defeat against England. The controversy centers on a missed goal-scoring opportunity in the first half where Sorloth chose to shoot instead of passing to a wide-open Erling Haaland. Fans, frustrated by the decision, have flooded social media with clips of the incident, blaming Sorloth's perceived selfishness for ending Norway's World Cup run. In his defense, Sorloth explained that he attempted the shot because he believed the passing line to Haaland was blocked by defender John Stones at that moment. The striker expressed deep remorse, admitting that he realizes the gravity of his error and understands that a successful pass might have changed the match's outcome. Despite his public apology and explanation, the intensity of the threats has escalated, highlighting the extreme pressure players face following high-stakes tournament eliminations.