keyne-yamal

ലോകകപ്പിനിടെ കാണികളെ ക്യാമറക്കണ്ണുകളില്‍ കാണിക്കുന്നത് സാധാരണ സംഭവമാണ്. അപൂര്‍വമായി ഈ കാണികള്‍ വൈറലാകാറുമുണ്ട്. എന്നാല്‍ ഇത്തവണത്തെ ഏറ്റവും മികച്ച കാണിയേതെന്ന് ചോദിച്ചാല്‍ അതിനൊരുത്തരം മാത്രമേയുള്ളു, സ്പെയിന്‍ താരം ലമീന്‍ യമാലിന്‍റെ കുഞ്ഞനുജന്‍ കെയ്ന്‍. ഓസ്ട്രിയയ്ക്കെതിരായ മല്‍സരത്തില്‍ 89–ാം മിനിറ്റിലെ മൈക്കെല്‍ ഒയാര്‍സബാലിന്‍റെ ഗോള്‍ ആഘോഷിക്കുന്ന കെയ്ന്‍റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയ കീഴടക്കി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൈകള്‍ ഉയര്‍ത്തിയും വാമോസ് വിളിച്ചും നാക്ക് നീട്ടിയുമുള്ള കുഞ്ഞ് കെയ്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

2022ലാണ് യമാലിന്‍റെ അമ്മ ഷീല എബാനയ്ക്ക് കെയ്ന്‍ പിറക്കുന്നത്. യമാലിന്‍റെ അര്‍ധസഹോദരനാണ് കെയ്നെങ്കിലും കുഞ്ഞനുജനോട് ഒരു തരത്തിലുള്ള തരംതിരിവും യമാലിനില്ല. തന്‍റെ അനുജന്‍ തനിക്കെല്ലാമാണെന്നും തനിക്ക് ഏറെ പ്രിയപ്പെട്ടവനാണ് കെയ്നെന്നും താന്‍ സഹോദരനായിട്ടല്ല മകനായിട്ടാണ് കെയ്നെ കാണുന്നതെന്നും യമാല്‍ മല്‍സരശേഷം പറഞ്ഞു. ബല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും കെയ്ന്‍ ക്യാമറക്കണ്ണുകളില്‍ ഇടംപിടിച്ചിരുന്നു. 

ഗോള്‍ഫ് സ്റ്റിക്കുകൊണ്ട് ബോളടിക്കാനാകാതെ ബോള്‍ എടുത്തെറിയുന്നതും ഗ്രൗണ്ടിലെ കുസൃതികളും അടക്കം കെയ്ന്‍റെ പല വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോകകപ്പിന് മുന്‍പ് യമാലിനൊപ്പം ബാഴ്സലോണയുടെ എല്ലാ കളികള്‍ക്കും കെയ്ന്‍ സ്ഥിരസാനിധ്യമായിരുന്നു. 

ENGLISH SUMMARY:

Lamine Yamal's brother, Kane, has become the viral sensation of the World Cup, captivating audiences with his enthusiastic reactions. His energetic cheering during Spain's matches, particularly after Oyarzabal's goal, has charmed fans worldwide.