പത്തുപേരായി ചുരുങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യമാണ് സ്വിറ്റ്സര്‍ലന്‍ഡ് കാഴ്ചവെച്ചത്. അര്‍ജന്‍റനീനയ്ക്ക് എതിരെ 90 മിനിറ്റും 1-1 സമനിലയില്‍ കൊണ്ടുപോകാന്‍ സ്വിറ്റ്സര്‍ലന്‍ഡിനായി. എക്സ്ട്രാ ടൈമിലാണ് അര്‍ജന്‍റീനയുടെ വിജയ ഗോള്‍ പിറന്നത്. മല്‍സരം 3-1 ന് ജയിച്ചെങ്കിലും സൂപ്പര്‍ താരം മെസിക്ക് ഗോളടിക്കാന്‍ സാധിക്കാതെ പോയൊരു മല്‍സരമായിരുന്നു ഇത്. മല്‍സരത്തിനിടെ റഫറിയായ ജോവോ പെഡ്രോ പിൻഹീറോയുമായി മെസി തര്‍ക്കത്തിലേര്‍പ്പെട്ടു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

മല്‍സരത്തിന്‍റെ ഒന്നാം പകുതിയിലായിരുന്നു സംഭവം. സ്വിസ് ടീമിന് അനുകൂല ഫ്രീകിക്ക് ലഭിച്ചയുടനെ ടീമിന്‍റെ പ്രതിരോധത്തിലേക്കിറങ്ങിയതായിരുന്നു മെസി. ആവശ്യമായ ദൂരത്തേക്ക് മാറി നില്‍ക്കാന്‍ മെസിയോട് റഫറി ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. റഫറിയുടെ സംസാര രീതി ഇഷ്ടപ്പെടാതിരുന്ന മെസി റഫറിയോട് ചൂടായി. 'എന്നോട് മര്യാദയ്ക്ക് സംസാരിക്കണം' എന്നാണ് മെസി റഫറിയോട് പറഞ്ഞത്. 

'എന്നോട് മര്യാദയ്ക്ക് സംസാരിക്കൂ. എന്നെ അപമാനിക്കരുത്. മര്യാദയോടെ സംസാരിക്കൂ, ഞാൻ നിങ്ങളോട് മാന്യമായാണ് സംസാരിച്ചത്' എന്ന് മെസി റഫറിയോട് പറഞ്ഞതായി ഇഎസ്പിഎൻ അർജന്റീന റിപ്പോർട്ട് ചെയ്തു. സ്വിസ് താരം ബ്രീൽ എംബോളോയ്ക്കാണ് ചുവപ്പ് കാര്‍ഡ് നല്‍കിയതിന്‍റെ പേരിലും റഫറി ജോവോ പെഡ്രോ പിൻഹീറോ വിവാദത്തിലായിട്ടുണ്ട്. 72-ാം മിനിറ്റിൽ ഫൗൾ അഭിനയിച്ചതിനാണ് താരത്തിനെതിരെ റഫറിയുടെ നടപടി. 

എംബോളോയെ ഫൗൾ ചെയ്തതിന് അര്‍ജന്‍റീനന്‍ താരം ലിയാൻഡ്രോ പരേഡെസിന് പോര്‍ച്ചുഗല്‍ റഫറി ജോവോ പിൻഹീറോ മഞ്ഞ കാര്‍ഡ് നല്‍കിയിരുന്നു. വിഡിയോ അസിസ്റ്റന്‍റ് റഫറിയുടെ നിര്‍ദ്ദേശം പ്രകാരം വിഡിയോ പരിശോധിച്ചതോടെയാണ് റഫറി തീരുമാനം മാറ്റിയത്. ഫൗള്‍ അഭിനയിച്ചതിന് ബ്രീൽ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകുകയായിരുന്നു. രണ്ടാം മഞ്ഞ കാര്‍ഡോടെ എംബോളോയ്ക്ക് കളം വിടേണ്ടി വരികയായിരുന്നു. 

ENGLISH SUMMARY:

Tensions flared during the Argentina-Switzerland match as Lionel Messi engaged in a heated exchange with referee Joao Pedro Pinheiro. Offended by the referee's tone when asked to maintain distance during a free-kick, Messi was captured on video telling the official to speak with him respectfully and not to insult him. The match itself remained highly contentious due to the referee's officiating, particularly regarding the dismissal of Swiss striker Breel Embolo. Embolo was shown a second yellow card for simulation following a VAR review, a decision that reversed an initial booking for Argentina's Leandro Paredes and became a focal point of the controversy.